മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛൻ ശ്രീനിവാസനെകുറിച്ചുള്ള ഓർമകളും തന്റെ കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് ധ്യാൻ. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു നടൻ.

ധ്യാൻ ശ്രീനിവാസൻ. Photo. Screen grab/ Youtube

ഒരു ലെജന്‍ഡ് ആയതുകൊണ്ടുതന്നെ പലപ്പോഴും ഉള്ളിലുള്ള സ്‌നേഹം പുറത്തുകാണിക്കാന്‍ പറ്റാതെ പോയ ആളായിരുന്നു ശ്രീനിവാസന്‍ എന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

‘എനിക്കൊക്കെ അച്ഛന്‍ തന്ന പൈസയ്ക്ക് ഒരു കയ്യും കണക്കുമില്ല. അത്രയ്ക്ക് ഗിവിങ് ആയിട്ടുള്ള, കൈന്‍ഡ് ആയിട്ടുള്ള ഒരാളായിരുന്നു അച്ഛന്‍. ഉള്ളില്‍ ഒരുപാട് സ്‌നേഹം ഉണ്ടായിട്ടും ഒരു ജീനിയസും ലെജന്‍ഡും ആയതുകൊണ്ട് അത് പുറത്തുകാണിക്കാന്‍ പറ്റാതെ പോയ ഒരാളായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഉള്ളില്‍ സ്‌നേഹം ഉണ്ടായിട്ടും, ‘ഞാന്‍ ശ്രീനിവാസന്‍ ആണല്ലോ’ എന്ന് വിചാരിച്ച് പ്രകടനങ്ങളോ കാട്ടിക്കൂട്ടലുകളോ ഒന്നും പുള്ളിക്കില്ലായിരുന്നു’ ധ്യാന്‍ പറഞ്ഞു.

അച്ഛനുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പുള്ളിയെപ്പോലെയല്ല, കാര്യങ്ങളെല്ലാം പ്രകടിപ്പിക്കുന്ന ആളാണ്. എനിക്ക് തോന്നിയിട്ടുള്ളത് ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കണം എന്നാണ്. അപ്പോഴേ നമുക്ക് മനസ്സിന് ഒരു സുഖം കിട്ടൂ. ആ കാര്യത്തിലൊക്കെ എനിക്ക് അച്ഛനോട് എതിര്‍പ്പുണ്ട്. അങ്ങനെ പറഞ്ഞു വരുമ്പോള്‍ ചിലപ്പോള്‍ പുള്ളിയേക്കാള്‍ നല്ല മനുഷ്യന്‍ ഞാന്‍ ആയിരിക്കും.’ നടൻ പറഞ്ഞു.

ചില സിനിമകളുമായി തന്നെ സമീപിക്കുന്നവരോട് അത് ചെയ്താല്‍ ശരിയാവില്ലെന്ന് പറയാറുണ്ടെങ്കിലും, പലപ്പോഴും അത് താന്‍ തന്നെ ചെയ്യണം എന്ന അവരുടെ നിര്‍ബന്ധപ്രകാരമാണ് ആ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളതെന്നും ധ്യാന്‍ തുറന്നുപറയുന്നു.

‘ജീവിതത്തില്‍ ഒരു പോയിന്റില്‍ എത്തുമ്പോള്‍ ആളുകള്‍ നമ്മളെ വല്ലാതെ ജഡ്ജ് ചെയ്യാന്‍ തുടങ്ങും. ഞാന്‍ ആരുടെയും കാര്യങ്ങളില്‍ ഇടപെടാന്‍ പോകുന്നില്ല. എന്റെ അടുത്ത് വരുന്ന ആളുകളെ സഹായിച്ചിട്ടേയുള്ളൂ. ഇപ്പോള്‍ ഒരു സിനിമയുമായി എന്റെ അടുത്തേക്ക് വരുന്നവരോട് ചിലപ്പോള്‍ ചേട്ടാ ഈ പടം ചെയ്യേണ്ട എന്ന് പറയാറുണ്ട്. അപ്പോള്‍ അവര്‍ ഇങ്ങോട്ട് പറയുന്നതാണ് പൈസയൊന്നും ഒരു പ്രശ്‌നമല്ല, ഇത് ധ്യാന്‍ തന്നെ ചെയ്താല്‍ മതി എന്ന്,’ ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ പറഞ്ഞു. Photo. Screen grab/ Youtube

ആരെയും ബുദ്ധിമുട്ടിക്കാന്‍ പോകാത്ത താന്‍, ആളുകളോട് തമാശരൂപേണ പറയുന്ന ചില കാര്യങ്ങള്‍ ചില വിഷയങ്ങളോടുള്ള തന്റെ പ്രതിഷേധങ്ങള്‍ കൂടിയാണെന്നും ധ്യാനിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

‘ഞാൻ ആരുടെയും പൈസ കളയാന്‍ വേണ്ടി നടക്കുന്നതല്ല. കാരണം ഒരാളെയും പറ്റിച്ചിട്ടുള്ള പൈസയൊന്നും എനിക്ക് വേണ്ട. പിന്നെ നമുക്ക് അത്രയും സ്വാതന്ത്ര്യമുള്ളവരോട് തമാശയ്ക്ക് എന്തെങ്കിലും ഒക്കെ പറയാറുണ്ട്. അത് സത്യത്തില്‍ ചില കാര്യങ്ങളോടുള്ള എന്റെ പ്രതിഷേധം കൂടിയാണ്. അത് കൊള്ളേണ്ടവര്‍ക്ക് കൊള്ളട്ടെ’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan talks about his father and shares his perspective on life