തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവത്ക്കരണ നീക്കങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കള്ളക്കേസെടുക്കുകയും വീടുകളിലെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി.
കഴിഞ്ഞ ബുധനാഴ്ച എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികളുടെ പേരിൽപ്പോലും വധശ്രമത്തിന് കേസെടുത്തതായാണ് എസ്.എഫ്.ഐ നേതൃത്വം പറയുന്നത്.
പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെയും സമീപവാസികളുടെയും വീടുകളിലെത്തി രക്ഷിതാക്കളെ അടക്കം ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.ഇതിലൊന്നിലും പേരില്ലാതിരുന്ന എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എ. മനേഷിനെ രാത്രിയിൽ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു.
ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൂട്ടിരുന്ന എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്.കെ. ആദർശ്, ടോണി കുര്യാക്കോസ് എന്നിവരെ കന്റോൺമെന്റ് പൊലീസ് ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും നിലവിൽ റിമാൻഡിലാണ്.
സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ നേതൃത്വം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
Content Highlight:Protest against saffronisation of universities; police threaten students at their homes.
