സൗദി പ്രൊ ലീഗില്‍ അല്‍ ഇത്തിഹാദിനോട് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസര്‍ പരാജയപ്പെട്ടത്. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ചെത്തിയ അല്‍ നസറിന്റെ ഈ സീസണിലെ ആദ്യ തോല്‍വിയാണിത്.

മത്സരത്തിനിടെ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയി ശ്രദ്ധ നേടുന്നത്. അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ ഇത്തിഹാദ് ക്യാപ്റ്റന്‍ ഡാനിലോ പെരേരയും തമ്മിലുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ശ്രദ്ധ നേടുന്നത്.

മത്സരത്തില്‍ അല്‍ ഇത്തിഹാദ് പരിശീലകന്‍ ഡാനിലോക്ക് കളിക്കളത്തില്‍ നടപ്പാക്കേണ്ട നീക്കങ്ങളുടെ തന്ത്രങ്ങള്‍ ഒരു കുറിപ്പായി നല്‍കിയിരുന്നു. എന്നാല്‍ ഈ കുറിപ്പില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് താരത്തിന്റെ പുറകില്‍ നിന്നും നോക്കുകയായിരുന്നു റൊണാള്‍ഡോ. റൊണാള്‍ഡോ തന്റെ പുറകില്‍ നില്‍ക്കുന്നത് കണ്ട് പെട്ടന്ന് തന്നെ തിരിഞ്ഞുനോക്കുകയും തുടര്‍ന്ന് ഇരുവരും പരസ്പരം ചിരിക്കുകയുമായിരുന്നു.

മത്സരത്തില്‍ ജോര്‍ജ് ഇലെനിഖേനയുടെ ഇരട്ട ഗോള്‍ കരുതിലായിരുന്നു അല്‍ ഇത്തിഹാദ് വിജയിച്ചുകയറിയത്. മത്സരത്തിന്റെ 4, 22 എന്നീ മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ആഞ്ചലോ ഗബ്രിയേലിലൂടെയാണ് അല്‍ നസര്‍ ഏക ഗോള്‍ നേടിയത്. 36ാം
മിനിട്ടിലായിരുന്നു താരം ഗോള്‍ നേടിയത്.

മത്സരത്തിലെ ആകെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലായിരുന്നു പിറന്നത്. സമനില ഗോളിനായി അല്‍ നസറും ഗോള്‍ നേട്ടം ഉയര്‍ത്താന്‍ അല്‍ ഇത്തിഹാദും ശ്രമിച്ചെങ്കിലും രണ്ടാം പകുതി ഗോള്‍ രഹിതമായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അല്‍ നസര്‍ പരാജയപ്പെടുകയായിരുന്നു.

നിലവില്‍ സൗദി പ്രൊ ലീഗില്‍ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. അഞ്ച്
മത്സരങ്ങളില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റാണ് അല്‍ നസറിന്റെ അക്കൗണ്ടില്‍ ഉള്ളത്. അഞ്ച് മത്സരങ്ങളും വിജയിച്ചുകൊണ്ട് 15 പോയിന്റുമായി അല്‍ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്തുള്ളത്.

 

Content Highlight: A video of an incident between Cristiano Ronaldo and Al Ittihad player Danilo Pereira in the Saudi Pro League has gone viral