മലയാളത്തിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസിന്റെ സാരഥിയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ ഡ്രൈവറായി കരിയറാരംഭിച്ച് പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയായി മാറിയ ആന്റണി നരസിംഹത്തിലൂടെയാണ് സിനിമാനിര്‍മാണ രംഗത്തേക്ക് വന്നത്. മോളിവുഡിന്റെ ചരിത്രം തിരുത്തിയ പല ചിത്രങ്ങളും ഒരുക്കിയത് ആശീര്‍വാദ് സിനിമാസാണ്.

ദൃശ്യം എന്ന ബ്രാന്‍ഡിനെ പോപ്പുലറാക്കിയത്, എമ്പുരാനിലൂടെ മോളിവുഡിന്റെ മാര്‍ക്കറ്റ് വലുതാക്കിയത് തുടങ്ങി ഒരുപാട് നേട്ടങ്ങള്‍ ആശീര്‍വാദിനുണ്ട്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആരെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം ആന്റണി പെരുമ്പാവൂരെന്നാണ്. മോഹന്‍ലാലിന്റെ മക്കളായ പ്രണവ്, വിസ്മയ എന്നിവരുടെ ആദ്യ സിനിമ നിര്‍മിച്ചതും ആന്റണിയാണ്.

ആശീര്‍വാദ് സിനിമാസിനെക്കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലില്ലാതെ വെറും രണ്ട് സിനിമകള്‍ മാത്രമാണ് താന്‍ നിര്‍മിച്ചിട്ടുള്ളതെന്ന് ആന്റണി പറയുന്നു. ഓരോ സിനിമയുടെയും ബിസിനസടക്കം പല കാര്യങ്ങളെക്കുറിച്ചും ആലോചിച്ച് ചര്‍ച്ച ചെയ്ത ശേഷമാണ് പലപ്പോഴും നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ സമയത്ത് ആശീര്‍വാദ് സിനിമാസ് ചെയ്ത സിനിമകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹെഡ്ജ് പ്ലസിനോട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.

‘കൊവിഡിന്റെ സമയത്ത് ആറോളം സിനിമകള്‍ ആശീര്‍വാദ് ചെയ്തിട്ടുണ്ടായിരുന്നു. ദൃശ്യം 2 ആണ് ആ സമയത്ത് ആദ്യം ചെയ്തത്. വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് അറിയിച്ച സമയമാണ്. മീനയൊക്കെ ദേഹം മൊത്തം മൂടിപ്പുതച്ച് എയര്‍പോര്‍ട്ടിലെത്തിയതിന്റെ ഫോട്ടോ അന്ന് വൈറലായിരുന്നു. അന്ന് ക്രൂ മൊത്തം ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എ,ബി,സി എന്ന് മൂന്ന് ലെവലിലാക്കിയാണ് സ്‌റ്റേ അറേഞ്ച് ചെയ്തത്. ഹോട്ടലിലെ സ്റ്റാഫുകളെപ്പോലും പുറത്ത് വിടാറില്ലായിരുന്നു.

വല്ലാത്തൊരു കാലഘട്ടമായിരുന്നു അത്. ലാല്‍ സാര്‍ കാക്കനാടുള്ള ആ ഹോട്ടലില്‍ തുടര്‍ച്ചയായി 150- 200 ദിവസം താമസിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്നിട്ട് ഞങ്ങള്‍ രണ്ടും മൂന്നും പടങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആറ് പടമാണ് മൊത്തം ആ സമയത്ത് കംപ്ലീറ്റാക്കിയത്. എല്ലാം ഒ.ടി.ടിക്ക് വേണ്ടിയായിരുന്നു. അതില്‍ രണ്ട് പടങ്ങള്‍ ഹിറ്റായി. ഇന്നും ദൃശ്യം 2വും ബ്രോ ഡാഡിയും എന്തുകൊണ്ട് തിയേറ്ററുകളില്‍ ഇറക്കിയില്ല എന്ന് പലരും ചോദിക്കാറുണ്ട്,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ആശീര്‍വാദിന്റെ ഏറ്റവും പുതിയ ചിത്രമായ തുടക്കം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം 50 കോടിക്കടുത്ത് കളക്ഷന്‍ നേടിക്കഴിഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlight: Antony Perumbavoor about the projects he done during Covid