ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് നഹാസ്.

ഐ ആം ഗെയിo. Photo: X.com

2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ഐ ആം ഗെയ്മിലെ താരത്തിന്റെ പെര്‍ഫോമന്‍സിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസും പ്രധാനവേഷത്തിലെത്തിയിരുന്നു.

ദുല്‍ഖറിന്റെ ഹോം കമിങ്ങായി ആരാധകര്‍ വിലയിരുത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വലിയ ആവേശത്തിലാണ് സിനിമാലോകം. ചിത്രവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ചാനലായ സില്ലിമോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംവിധായകന്‍ നഹാസും നടന്‍ ആന്റണി വര്‍ഗീസും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

താനൊരു ബിഗ് സ്റ്റാറാണെന്ന കാര്യം മനസില്‍ വെച്ച് നടക്കുന്ന ആളല്ല ഡി.ക്യൂവെന്ന് നഹാസ് പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ തന്നെ ആന്റണി അവതരിപ്പിച്ച വിക്കിയുടെ ക്യാരക്ടര്‍ വളരെ എന്‍ജോയ് ചെയ്താണ് അദ്ദേഹം കേട്ടതെന്നും ചിത്രത്തിന്റെ കോര്‍ ഇമോഷന്‍ അതാണെന്ന് അദ്ദേഹം തന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ പോലും ആ ഭാഗം കുറയ്ക്കാമെന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ ആം ഗെയിo. Photo: X.com

‘ അദ്ദേഹം വളരെ ജെനുവിന്‍ ആയിട്ടുള്ള മനുഷ്യനാണ്. നമ്മളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ഫാന്‍ ബോയ് അല്ലെങ്കില്‍ കുഞ്ഞിക്ക സെറ്റപ്പാണ്. പക്ഷേ സംസാരിച്ച് കഴിയുമ്പോഴാണ് വളരെ ജെനുവിനായിട്ടുള്ള സിംപിള്‍ മനുഷ്യനാണെന്ന് നമുക്ക് ഫീല്‍ ചെയ്യുന്നത്,’ ആന്റണി പറഞ്ഞു.

Content Highlight: Nahas Hidayath and Antony Varghese talks about Dulquer Salmaan