പാകിസ്ഥാന്‍ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി മുന്‍ പാക് പോസര്‍ ഷൊയ്ബ് അക്തര്‍. നിലവിലെ താരങ്ങളെ മാറ്റി രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ താരങ്ങളെ ടീമിലെത്തിക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ വളരെ മോശം അവസ്ഥയിലാണ്. എന്നാല്‍ ഭാവിയില്‍ തിരിച്ചുവരവിന് പ്രതീക്ഷയുണ്ട്. നിലവിലെ താരങ്ങളെ മാറ്റി രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ ക്രിക്കറ്റര്‍മാരെ കൊണ്ടുവരാനാണ് പദ്ധതിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു.

ബോര്‍ഡ് ഭാവിയിലേക്കാണ് നോക്കുന്നത്. അവര്‍ ശരിയായ രീതിയിലാണ് അതിനായി പ്രവര്‍ത്തിക്കുന്നത്. ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഈ മാറ്റത്തിന്റെ അടുത്ത ഘട്ടത്തിലും തുടരണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ക്ക് ഇനിയും ഏറെ ക്രിക്കറ്റ് ബാക്കിയുണ്ട്. ഭാവിക്കായി തയ്യാറെടുക്കുന്ന അടുത്ത തലമുറയിലെ താരങ്ങളില്‍ നിന്ന് വലിയ പ്രതീക്ഷകളാണുള്ളത്,’ ഷൊയ്ബ് അക്തര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പാകിസ്ഥാന്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ബാബര്‍ അസമിന്റെ മോശം ക്യാപ്റ്റന്‍സിയും ടീമിലെ മാറ്റങ്ങളും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റില്‍ 194 റണ്‍സിനും ത്രീ ലയണ്‍സ് വീജയം രേഖപ്പെടുത്തി.

അതേസമയം ഇരുവരും തമ്മിലുള്ള അവസാന മത്സരം സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ആരംഭിക്കുന്നത്. എഡ്ജ്ബാസ്റ്റണിലാണ് വേദി.

Content Highlight: Shoib Aktar Talking About Pakistan Cricket