വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ വമ്പന്‍ തോല്‍വിയായിരുന്നു പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താനുള്ള പാകിസ്ഥാന്‍ വനിതാ ടീമിന്റെ സാധ്യതകളില്‍ മുഖ്യ പരിശീലകന്‍ വഹാബ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കാനുള്ള കഴിവ് പാകിസ്ഥാന്‍ ടീമിനുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി റിയാസ് പറഞ്ഞു. സാഹചര്യങ്ങള്‍ ടീമിന് അനുകൂലമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ മത്സരത്തിലെ ടീമിന്റെ പ്രകടനം റിയാസ് അംഗീകരിച്ചെങ്കിലും, വരും മത്സരങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
‘ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങള്‍ക്കും മികച്ച കഴിവുകളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ സ്വയം വിശ്വസിച്ചാല്‍ മാത്രം മതി. അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ എന്തൊക്കെയാണെന്ന് തിരിച്ചുപോയി ചര്‍ച്ച ചെയ്യും. അതേ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കില്ല. ഏഷ്യാ കപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള മികച്ച ടീം പാകിസ്ഥാനാണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ഇവിടുത്തെ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ അനുകൂലമാണ്,’ മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് റിയാസ് പറഞ്ഞു.
അതേസമയം വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് കടന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ 57 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇതോടെ ഒരു വമ്പന്‍ നാണക്കേടും പാകിസ്ഥാന്‍ വനിതകള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ്. വനിതാ ടി-20 ചരിത്രത്തില്‍ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടോട്ടലാണിത്. ഇതിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരെ ദുബായില്‍ വെച്ച് 56 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ട് ആയിരുന്നു. ഇപ്പോള്‍ പാകിസ്ഥാനെ ഏറ്റുവും കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയതിന്റെ ക്രെഡിറ്റ് ഇന്ത്യയ്ക്കാണ് വന്നുചേര്‍ന്നിരിക്കുന്നത്.
Content Highlight: Pakistan Women’s Team Head Coach Wahab Riaz Talking About Women’s Asia Cup
