ദുലീപ് ട്രോഫി ഫൈനലിലെ ആദ്യ ദിനത്തില്‍ ഈസ്റ്റ് സോണ്‍ വൈസ് ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശിയും സൗത്ത് സോണ്‍ ക്യാപ്റ്റനും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ തിലക് വര്‍മയും തമ്മില്‍ ഗ്രൗണ്ടില്‍ തര്‍ക്കിച്ചത് വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുന്ന വൈഭവിനടുത്തെത്തി തിലക് രോഷാകുലനാകുന്നതും നെഞ്ചില്‍ കൈവെച്ച് ഉന്തുന്നതുമായ വീഡിയോ വൈറലായിരുന്നു.

ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. ഒരു ക്യാപ്റ്റനായ തിലക് വര്‍മ പെരുമാറേണ്ട രീതി ഇതല്ലെന്നും 15 വയസുള്ള ഒരു കുട്ടിയുമായി തര്‍ക്കിച്ചത് ന്യായീകരിക്കാനാകില്ലെന്നും തിലക് വര്‍മയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തീര്‍ത്തും അനാവശ്യമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘വൈഭവ് സൂര്യവംശി എന്ന 15 വയസുകാരനില്‍ നിന്ന് നിങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഒരു ക്യാപ്റ്റന്‍ പെരുമാറേണ്ട രീതിയല്ല ഇത്. 15 വയസുള്ള ഒരു കുട്ടിയുമായി തര്‍ക്കിച്ച് നിങ്ങള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്? തിലക് വര്‍മയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തീര്‍ത്തും അനാവശ്യമാണ്.

നിങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. നിര്‍ണായക മത്സരങ്ങളിലോ ഐ.സി.സി ടൂര്‍ണമെന്റുകളിലോ ഇത്തരത്തിലുള്ള ആക്രമണോത്സുകത കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ടീമംഗത്തിനെതിരെ ഇത്തരത്തില്‍ പെരുമാറുന്നത് ഒട്ടും നല്ലതായി തോന്നുന്നില്ല. തിലക് കുറച്ചുകൂടി ജാഗ്രത പുലര്‍ത്തുകയും കൂടുതല്‍ വിനയത്തോടെയും പക്വതയോടെയും പെരുമാറുകയും വേണമെന്നാണ് എനിക്ക് തോന്നുന്നത്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

അതേസമയം ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം എം.എ. ചിദമ്പരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സിന്റെ മികച്ച നിലയിലാണ്.

മത്സരത്തില്‍ ഈസ്റ്റ് സോണിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. സെഞ്ച്വറി നേടിയാണ് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവില്‍ 135 പന്തില്‍ 111 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. ഒരു സിക്‌സും 14 ഫോറുമാണ് താരം നേടിയത്. ഫസ്റ്റ് ക്ലാസില്‍ 10ാം സെഞ്ച്വറിയാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആക്രമിച്ച് കളിച്ച വൈഭവ് 15ാം ഓവറില്‍ 44 റണ്‍സ് നേടിയാണ് മടങ്ങിയത്.

Content Highlight: Tilak Varma Fight With Vaibhav Sooryavanshi During Duleep Trophy Final