2026 ഏഷ്യന്‍ ഗെയിംസിനും വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരക്കുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ഏഷ്യന്‍ ഗെയിംസ്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ഏകദിന പരമ്പര നടക്കുന്നത്.

ഈ മത്സരങ്ങളില്‍ ഒരു അപൂര്‍വ ചരിത്രത്തിന് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. 1998ന് ശേഷം ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരേ ദിവസം തന്നെ രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.

സെപ്റ്റംബര്‍ 28ന് ഏഷ്യന്‍ ഗെയിംസില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക. 10 ടീമുകള്‍ സ്വര്‍ണമെഡലിനായി മത്സരിക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ നേരിട്ട് തന്നെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുന്ന ടീമിനെ ആയിരിക്കും ഇന്ത്യ നേരിടുക. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകളില്‍ ഒന്നായിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികള്‍.

ഇതിന് ശേഷം ഇന്ത്യയുടെ മുന്നിലുള്ളത് സെമി ഫൈനല്‍ മത്സരമാണ്. ഒക്ടോബര്‍ ഒന്നിനാണ് സെമി പോരാട്ടം നടക്കുക. സെമിയും കടന്നാല്‍ ഫൈനല്‍ പോരാട്ടം ഒക്ടോബര്‍ മൂന്നിനാണ് നടക്കുന്നത്. സെമിയില്‍ പരാജയപ്പെട്ടാലും ഇന്ത്യന്‍ ടീം വെങ്കല മെഡല്‍ പോരാട്ടത്തിനായി ഇതേ ദിവസം തന്നെ കളത്തിലിറങ്ങും.

ഒക്ടോബര്‍ മൂന്നിന് തന്നെയാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്ന് ഏകദിന പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. പഞ്ചാബിലെ മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

1998ന് ശേഷം ഒക്ടോബറില്‍ മൂന്നിന് ഒരേ ദിവസം രണ്ട് വ്യത്യസ്ത ഇന്ത്യന്‍ ടീമുകള്‍ രണ്ട് മത്സരങ്ങള്‍ കളിക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്കും ആരാധകര്‍ സാക്ഷികളാവും.

ഇതിന് മുമ്പ് 1998ല്‍ സെപ്റ്റംബര്‍ 12നായിരുന്നു ഇങ്ങനെയൊരു അപൂര്‍വ ദിവസം പിറവിയെടുത്തിയിരുന്നത്. ടോറോന്റോയില്‍ നടന്ന സഹാറ ഫ്രണ്ട്ഷിപ് കപ്പിലും, ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില് ഇന്ത്യന്‍ ടീം വ്യത്യസ്ത മത്സരങ്ങളില്‍ കളിച്ചു. പാകിസ്താനെതിരെയായിരുന്നു ഇന്ത്യയുടെ മത്സരം. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്.

 

Content Highlight: Indian cricket team witness a rare incident since 1998