2026 ബാലൺ ഡി ഓർ ജേതാവ് ആരായിരിക്കുമെന്ന് കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഹാരി കെയ്‌നും സ്പാനിഷ് യുവതാരം ലാമിൻ യമാൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ എന്നിവരാണ് ഈ പുരസ്‌കാരം സ്വന്തമാക്കാൻ മുൻനിരയിലുള്ളത്.

എന്നാൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഇതിഹാസ താരം ലയണൽ മെസി ബാലൺ ഡി ഓറിന്റെ ഭാഗമല്ലെന്നത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. എട്ട് തവണ ബാലൺ ഡി ഓർ നേട്ടത്തിലെത്തിയ മെസിക്ക് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കില്ല.

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മെസിക്ക് വോട്ടവകാശം നഷ്ടമായത്. ബാലൺ ഡി ഓർ പുരസ്കാരത്തിൽ ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാർക്കാണ് വോട്ട് ചെയ്യാൻ സാധിക്കുക. മെസി വിരമിച്ചതിന് പിന്നാലെ ഈ അവകാശം പുതിയ ക്യാപ്റ്റനായ ക്രിസ്റ്റ്യൻ റൊമേറോക്ക് ആയിരിക്കും.

മെസിക്കും നിക്കോളാസ് ഒട്ടമെന്റിക്കും ശേഷം അർജന്റീനയുടെ മൂന്നാം ക്യാപ്റ്റനായിട്ടായിരുന്നു റൊമേറോ പ്രവർത്തിച്ചിരുന്നത്. 2026 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നലെ ഓട്ടമെന്റി അർജന്റൈൻ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മെസി കൂടി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും പടിയിറങ്ങിയതോടെയാണ് റൊമേറോയെ തേടി ഈ വലിയ ചുമതലയെത്തിയത്.

അതേസമയം ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്.

അർജന്റീനക്കായി ഐതിഹാസിക സംഭാവനകൾ നൽകിയാണ് മെസി കളം വിട്ടത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പിൽ തുടർച്ചയായി അർജന്റീനയെ ഫൈനലിൽ എത്തിക്കാൻ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

 

Content Highlight: Lionel Messi loses voting rights in 2026 Ballon d’Or award