അബുബാദി: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവരുടെ സുരക്ഷയ്ക്കായി യു.എസിനെയും അന്താരാഷ്ട്ര സഖ്യങ്ങളെയും മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍-അന്‍സാരി. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷയുടെ കാാര്യത്തില്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അന്‍സാരി അഭിപ്രായപ്പെട്ടു.

‘ഗള്‍ഫില്‍ അന്താരാഷ്ട്ര സേനകള്‍ ഉണ്ടായിരിക്കുന്നതും അമേരിക്കയുമായി തന്ത്രപരമായ സഖ്യം പുലര്‍ത്തുന്നതും വളരെ പ്രധാനമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്, പക്ഷേ അത് പര്യാപ്തമല്ല,’ ഇന്നലെ (സെപ്തംബര്‍ ഏഴ്, തിങ്കള്‍) അബുദാബിയിലെ ഹിലി ഫോറത്തില്‍ സംസാരിക്കവെ അന്‍സാരി പറഞ്ഞു.

സുരക്ഷയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത മാത്രമാണ് മുന്നോട്ടുള്ള ഏക മാര്‍ഗം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇപ്പോഴും അവരുടെ പങ്കാളികളെയും സഖ്യകക്ഷികളെയും ആവശ്യമുണ്ട്. എന്നാല്‍ അവരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യു.എസ് സൈനിക താവളം ഖത്തറിലാണ്. ഖത്തറിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യംവച്ച് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലും ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും നേരിട്ട് ആക്രമണം നടത്തിയിട്ടുണ്ട്.

യു.എസിനും ഇറാനും ഇടയിലെ മധ്യസ്ഥരെന്ന നിലയില്‍ ഖത്തര്‍ ഇടപെടല്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസം, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ടെഹ്റാനിലേക്ക് പോയിരുന്നു.

അതേസമയം, യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ഇനിയും തുടര്‍ന്നാല്‍ ലോകം ഒരു വ്യാവസായിക ദുരന്തം നേരിടുമെന്ന് അന്‍സാരി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിനം ശരാശരി 10 ചരക്ക് കപ്പലുകള്‍ മാത്രമായിരുന്നു കടലിടുക്കിലൂടെ കടന്നുപോയത്.

യു.എസ്-ഇറാന്‍ യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനുപകരം ഈ പ്രതിസന്ധി ഘട്ടം ഘട്ടമായി ഇല്ലാതാക്കാന്‍ ഖത്തര്‍ ശ്രമിച്ചിട്ടുണ്ടെന്നും അന്‍സാരി പറഞ്ഞു. സംഘര്‍ഷം മരവിപ്പിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ വിശ്വസിക്കുന്നുവെന്നും സി.എന്‍.എന്നിനോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെങ്കില്‍ സുസ്ഥിരമായ ഒരു പരിഹാരത്തിനായി ശരിയായ ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്ന ഒരു സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പശ്ചിമേഷ്യ സംഘര്‍ഷങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങളിലേക്ക് പോകുന്ന അവസ്ഥയില്‍ തുടരാന്‍ ഖത്തര്‍ ആഗ്രഹിക്കുന്നില്ല. സംഘര്‍ഷം താത്ക്കാലികമായി മരവിപ്പിക്കുകയും വീണ്ടും സംഘര്‍ഷത്തിലേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്യുന്നതില്‍ കാര്യമില്ലെന്നും അന്‍സാരി അഭിപ്രായപ്പെട്ടു.

സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാതെ പെട്ടെന്ന് നിര്‍ത്തുന്നത് ഏറ്റുമുട്ടലിന്റെ മറ്റൊരു ഘട്ടത്തിലേക്ക് മാത്രമാണ് എത്തിച്ചേരുകയെന്നും അദ്ദേഹം പറയുന്നു.

സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കലും സംഘര്‍ഷം തടയലുമാണ് ഖത്തര്‍ പ്രാധാന്യം കൊടുക്കുന്ന ലക്ഷ്യങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് പ്രധാനമാണ്. ഇറാനിലെ ജനങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ എല്ലാവരുടെയും മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം ഇല്ലാതാക്കണം എന്നതിനും ഖത്തര്‍ മുന്‍ഗണന നല്‍കുന്നുവെന്നും അന്‍സാരി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര തടസങ്ങള്‍ ആഗോള ഊര്‍ജ്ജത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണ്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനെ അതിന്റെ ശൈശവാവസ്ഥയില്‍ തന്നെ നമ്മള്‍ ഇല്ലാതാക്കേണ്ടതുണ്ട്. ഈ രീതിയില്‍ ജലപാതകള്‍ അടച്ചിടുന്നത് യുദ്ധത്തിലെ പുതിയ സാധാരണ അവസ്ഥയായി മാറുന്നത് രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. ഉത്തരവാദിത്തബോധവും അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനവും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Qatar says Gulf cannot rely on US alone for security