കോട്ടയം: കേരളത്തിൽ മുമ്പെങ്ങുമില്ലാത്തവിധം അത്യന്തം അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഭരണത്തിന്റെയും എക്സിക്യൂട്ടീവിന്റെയും നിയന്ത്രണം മതമൗലികവാദ സംഘടനകൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും കേരളം മതമൗലികവാദത്തിലേക്കും താലിബാനിസത്തിലേക്കുമാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസംഗത്തെ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രിയെ സമസ്ത ഇ.കെ വിഭാഗം പരസ്യമായി ഭീഷണിപ്പെടുത്തുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയോട് ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന് മതസംഘടന പറയുന്നത് ഭീഷണിയാണ്. സമസ്തയിലൂടെ പുറത്തുവരുന്നത് മുസ്‌ലിം ലീഗിന്റെ ശബ്ദമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പരാതിയിൽ പൊലീസ് ആദ്യം കേസെടുത്തെങ്കിലും, മുസ്‌ലിം ലീഗ് എം.എൽ.എ ഫിറോസിന്റെ ഭീഷണിയെ തുടർന്ന് കേസ് പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു. പരാതി നൽകിയ മാധ്യമപ്രവർത്തകയ്ക്കെതിരെ തന്നെ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. മതമൗലികവാദികൾക്കെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുയരുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്ന് കൃഷ്ണദാസ് വിമർശിച്ചു.

മാധ്യമവേട്ടയിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കൃഷ്ണദാസ് പറഞ്ഞു. എൽ.ഡി.എഫ് ഭരണകാലത്ത് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്ക്കറിയക്കെതിരെ അൻപതോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ യു.ഡി.എഫ് ന്റെ കാലത്ത് ബിഗ് ടി.വിയിലെ വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ കള്ളക്കേസ് എടുക്കാൻ തിടുക്കം കാണിക്കുന്ന ആഭ്യന്തര വകുപ്പ്, അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പരസ്യമായി പ്രസ്താവന നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ ഒരു പെറ്റി കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഇത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്.അദ്ദേഹം വിമർശിച്ചു.

‘ഒരു മാധ്യമപ്രവർത്തകയ്‌ക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്യാൻ തിടുക്കം കാണിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് ,കോടാനുകോടി ഭക്ത ജനങ്ങളെ അപമാനിച്ച്,അവരുടെ ഹൃദയ വികാരം വ്രണപ്പെടുത്തിയിട്ടുള്ള സണ്ണി കപിക്കാടിനെതിരെ ഒരു പെറ്റി കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല.’ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ മതസംഘടനകൾ ഭീഷണിപ്പെടുത്തുമ്പോൾ കോൺഗ്രസ് പൂർണമായി മൗനം പാലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പരാമർശത്തെക്കുറിച്ചും സമസ്തയുടെ നിലപാടിനെക്കുറിച്ചും ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒഴിഞ്ഞുമാറുകയായിരുന്നു. മതസംഘടനകളെ ഭയപ്പെടുന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വമെന്നും അദ്ദേഹം പരിഹസിച്ചു.

Content Highlight:Governance and the executive are being hijacked by religious fundamentalists”; Kerala is heading towards Talibanisation, says P.K. Krishnadas.