ന്യൂദല്‍ഹി: യു.പിയിലെ നൂറ് വര്‍ഷം പഴക്കമുള്ള സഹാറണ്‍പൂര്‍ പള്ളി പൊളിച്ച് നീക്കിയ മുന്‍സിപാലിറ്റി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഇമ്രാന്‍ പ്രതാപ് ഗര്‍ഹി. പള്ളി പൊളിച്ച് നീക്കിയത് തദ്ദേശീയ ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും ഇത് അപലപനീയമാണെന്നും ഇമ്രാന്‍ പ്രതാപ് പറഞ്ഞു.

‘സഹരന്‍പൂരിലെ മസ്ജിദ് കളക്ട്രേറ്റിന്റെ ഭൂമിയിലാണ് നിര്‍മിച്ചതെന്ന് ഭരണകൂടം പറയുന്നു. എന്നാല്‍ നിങ്ങളുടെ കലക്ട്രേറ്റ് ഉണ്ടാവുന്നതിന് മുമ്പ് തന്നെ പള്ളി നിലനിന്നിരുന്നു എന്നതാണ് സത്യം,’ അദ്ദേഹം പറഞ്ഞു. നിയമമോ നിയമവിരുദ്ധമോ ആയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമുള്ളതിനാല്‍ ഇഷ്ടമുള്ളത് പോലെ ആരെയും നിയമവിരുദ്ധരായി പ്രഖ്യാപിക്കാമെന്നും ഇമ്രാന്‍ പറഞ്ഞു.

‘ഭരണകൂടത്തിന് നിയമപരമോ നിയമവിരുദ്ധമോ ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമുള്ളതിനാല്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ആരെയും അല്ലെങ്കില്‍ ഏത് നിര്‍മിതിയെയും ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിയുന്നു,’ അദ്ദേഹം പറഞ്ഞു.

പള്ളി പൊളിച്ച് നീക്കലിനെതിരെ തങ്ങള്‍ നിയമപരമായി തന്നെ പോരാടുമെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമായിരുന്നു പള്ളി അനധികൃതമായ നിര്‍മിതിയാണെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ ഭരണകൂടം പൊളിച്ച് നീക്കിയത്.

ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃതമായാണ് പള്ളി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി ബജ്റംഗ്ദള്‍ മുന്‍ കോര്‍ഡിനേറ്ററായ വികാസ് ത്യാഗിയാണ് പരാതി നല്‍കിയിരുന്നത്. പള്ളി മാനേജുമെന്റ് കമ്മിറ്റിയുടെ അപ്പീല്‍ തള്ളിയ കോടതി കെട്ടിടം പൊളിച്ച് നീക്കാന്‍ സെപ്റ്റംബര്‍ നാലിന് ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷയെ ബാധിക്കുന്ന കൈയേറ്റമായതിനാല്‍ കെട്ടിടം പൊളിച്ചുനീക്കുന്നത് അനിവാര്യമാണെന്നായിരുന്നു മജിസ്ട്രേറ്റിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് 6.41 കോടി രൂപ പിഴയും ചുമത്തി. എന്നാല്‍ പള്ളി പൊളിച്ച് നീക്കുമ്പോള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട തന്നെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി സഹരന്‍പൂര്‍ എം.പി ഇക്ര ഹസന്‍ പറയുകയും ചെയ്തിരുന്നു. അഖിലേഷ് യാദവടക്കമുള്ള നേതാക്കള്‍ പള്ളി പൊളിക്കല്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: The Saharanpur mosque predates the Collectorate; everything is being branded illegal out of the arrogance of power: Congress MP.