ബാഴ്‌സ ജേഴ്‌സിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് സൂപ്പര്‍ താരം ആന്തണി ഗോര്‍ഡന്‍. ബാഴ്‌സയിലെ തന്റെ ആദ്യ സീസണില്‍ തന്നെ ആരാധകരുടെ മനസില്‍ കയറിപ്പറ്റാന്‍ ഇംഗ്ലീഷ് താരത്തിന് സാധിച്ചിട്ടുണ്ട്.

ബാഴ്‌സലോണ തുടര്‍ച്ചയായ നാലാം മത്സരവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഈ വിജയങ്ങളില്‍ ഗോര്‍ഡന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഗോളടിക്കുന്നതിനേക്കാള്‍ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുന്നതിലാണ് ഗോര്‍ഡന്‍ വിരുത് കാട്ടുന്നത്. വലന്‍സിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫെര്‍മിന്‍ ലോപ്പസിനായി അവസരമൊരുക്കിയതുള്‍പ്പടെ നാല് മത്സരത്തില്‍ നിന്നും നാല് അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

ആന്തണി ഗോര്‍ഡന്‍. Photo: Barcelona

ബാഴ്‌സ ജേഴ്‌സിയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തന്നെ കഴിഞ്ഞ സീസണിനേക്കാള്‍ എത്രയോ മികച്ച കുതിപ്പാണ് താരം നടത്തുന്നത്.

ആന്തണി ഗോര്‍ഡന്‍. Photo: Newcastle United

കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനൊപ്പമാണ് ഗോര്‍ഡന്‍ പന്ത് തട്ടിയിരുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച 26 മത്സരത്തില്‍ നിന്നും വെറും രണ്ടേ രണ്ട് അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

എന്നാല്‍ ബാഴ്‌സയില്‍ നാല് മത്സരം അവസാനിക്കുമ്പോള്‍ കഴിഞ്ഞ സീസണിന്റെ ഇരട്ടി അസിസ്റ്റുകള്‍ ഗോര്‍ഡന്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

എല്‍ചെയ്‌ക്കെതിരെ ഇരട്ട അസിസ്റ്റുമായി തിളങ്ങിയ താരം റയോ വല്ലെകാനോയ്‌ക്കെതിരെയും വലന്‍സിയക്കെതിരെയും ഓരോ അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.