ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന് സമീപം പ്രവേശന നിയന്ത്രിത മേഖല ഏർപ്പെടുത്തുമെന്നും ഒമാനുമായി ധാരണയിലെത്തി പുതിയൊരു കപ്പൽപ്പാത വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്‌സെൻ റെസായി.
യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിന് മറുപടിയായി മൂന്ന് ഇറാനിയൻ എണ്ണ ടാങ്കറുകൾ അമേരിക്ക തകർത്തതിന് തൊട്ടുപിന്നാലെയാണ് മൊഹ്‌സെൻ റെസായി ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തോട് സംസാരിച്ചത്.
‘പുതിയ ഏതൊരു ആക്രമണത്തിനും കൂടുതൽ ശക്തവും വേദനാജനകവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന്’ ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും മുന്നറിയിപ്പ് നൽകി.
കടലിൽ മുൻപ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടിരുന്ന ഇറാൻ, ഇപ്പോൾ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന അപകടകരമായ നീക്കമാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട്, കടലിടുക്കിന് പുറത്ത് ഒരു പ്രവേശന നിരോധിത മേഖല പ്രഖ്യാപിക്കാൻ ആണ് പദ്ധതി.
‘ ഇത് യു.എസ് നാവിക ഉപരോധത്തിന്റെ അതിർത്തിയിൽ നിന്ന് ആരംഭിച്ച് ഹോർമുസ് കടലിടുക്കിലേക്ക് നീളുകയും തുടർന്ന് പേർഷ്യൻ ഗൾഫിലേക്ക് വ്യാപിക്കുകയും ചെയ്യും.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഉദ്ദേശിച്ച് ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തിരിച്ചറിയപ്പെടുന്നതുമായ ഏതൊരു കപ്പലിനെയും ഞങ്ങളുടെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തും’. എന്ന് റെസായി പറഞ്ഞു.
ഇറാൻ്റെ തുറമുഖങ്ങളും എണ്ണക്കയറ്റുമതിയും തടയാൻ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ കൃത്യമായ അതിർത്തി എവിടെയെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. 20-ലധികം യുദ്ധക്കപ്പലുകളുമായി യു.എസ് ഈ ഉപരോധം ശക്തമാക്കുകയാണ്. ഇതിനകം 92 ചരക്കുകപ്പലുകൾ യു.എസ് വഴിതിരിച്ചുവിടുകയും മൂന്നെണ്ണം തടയുകയും ചെയ്തു.
സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനെ കൂടുതൽ സാമ്പത്തികമായി ഞെരുക്കാനാണ് യു.എസ് നീക്കം. എന്നാൽ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ തങ്ങളുടെ പ്രധാന ആയുധമായ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന യു.എസ് അനുകൂല കപ്പലുകളെ ഇറാൻ ഇപ്പോഴും ആക്രമിക്കുന്നുണ്ട്. അതേസമയം, ഒരു ആളില്ലാ യു.എസ് കപ്പൽ തകർത്തെന്ന ഇറാന്റെ വാദം വെറും നുണയാണെന്ന് യു.എസ് സൈന്യം അവകാശപ്പെട്ടു.
യു.എസുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ അമേരിക്കയെ മാത്രമല്ല, ഇടനിലക്കാരായി നിന്ന രാജ്യങ്ങളെയും ഇനി വിശ്വസിക്കില്ലെന്ന് റെസായി വ്യക്തമാക്കി.
പാകിസ്ഥാൻ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളെ തങ്ങൾ വിശ്വസിച്ചിരുന്നെന്നും കരാർ ലംഘനം ഉണ്ടായാൽ തടയേണ്ട ബാധ്യത അവർക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ, കൃത്യമായ ഉറപ്പുകളുള്ള ചർച്ചകൾ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂവെന്നും റെസായി കൂട്ടിച്ചേർത്തു.
മേഖലയിലെ സമാധാനശ്രമങ്ങളെല്ലാം പാളിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്. ഈ പശ്ചാത്തലത്തിലാണ് ആഗോള എണ്ണവിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ പുതിയ നിയന്ത്രണങ്ങളും അമേരിക്കൻ ഉപരോധത്തിനുമുള്ള നീക്കങ്ങൾ നടക്കുന്നത്.
Content Highlight:Iran to Announce New Shipping Route and Restrictions in the Strait of Hormuz; Tensions with the U.S. Escalate.
