ടെല്‍അവീവ്: ഇസ്രഈല്‍ പ്രതിരോധ സേന അതീവ സംഘര്‍ഷഭരിതവും അപ്രവചനീയവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് സൈനിക മേധാവി. ഇസ്രഈല്‍ ജൂത അവധിക്കാലത്തേക്ക് കടക്കുന്നതിന് മുമ്പായാണ് ഇസ്രഈല്‍ സേനയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിറിന്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
ശത്രുപക്ഷത്തുനിന്നുള്ള ഏത് അപ്രതീക്ഷിത ആക്രമണത്തെയും നേരിടാന്‍ സൈന്യം പൂര്‍ണ സജമായിരിക്കുക എന്നതാണ് പ്രതിരോധ സേനയുടെ അടിസ്ഥാന നിലപാടെന്ന് അദ്ദേഹം പറഞ്ഞു. സേനയുടെ ഉന്നത കമാന്‍ഡര്‍മാരുമായി ചേര്‍ന്ന പ്രത്യേക സുരക്ഷാ അവലോകന യോഗത്തിലാണ് സൈനിക മേധാവി ആശങ്ക പരസ്യമായി പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മുന്‍കാലങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിത സുരക്ഷാ വീഴ്ചകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരു പുതിയ മിന്നലാക്രമണത്തിന് ഇരയാകാതിരിക്കാന്‍ എല്ലാ സേനാ വിഭാഗങ്ങളും സര്‍വസജ്ജമായി നിലയുറപ്പിച്ചിരിക്കുകയാണ്,’ സൈനിക മേധാവി പറഞ്ഞു.
ജൂത കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളായ റോഷ് ഹഷാന, യോം കിപ്പൂര്‍, സുക്കോത്ത് എന്നീ അവധിക്കാല ദിനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഈ ആഘോഷ കാലയളവ് മുതലെടുത്ത് ശത്രുക്കള്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തുന്നതിനായി ജനറല്‍ സ്റ്റാഫിന്റെ പ്രധാന കമാന്‍ഡ് ആസ്ഥാനത്താണ് ഉന്നതതല സൈനിക യോഗം ചേര്‍ന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്ന് ഒരേസമയം യുദ്ധം പൊട്ടിപ്പുറപ്പെടുന്ന അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ജനറല്‍ സ്റ്റാഫിന്റെ നേതൃത്വത്തില്‍ സമഗ്രമായ മിന്നല്‍ സൈനികാഭ്യാസവും സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇസ്രഈലിന്റെ വിവിധ കമാന്‍ഡുകളുടെയും ഡിവിഷനുകളുടെയും പ്രവര്‍ത്തനക്ഷമത അളക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കം.
അടിയന്തരമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഏറ്റവും ഉയര്‍ന്ന സൈനിക ആസ്ഥാനങ്ങളും യുദ്ധക്കളത്തിലെ ഫീല്‍ഡ് യൂണിറ്റുകളും തമ്മിലുള്ള ഏകോപനം എത്രത്തോളം വേഗത്തില്‍ സാധ്യമാകും എന്ന് ഈ പരിശീലനത്തിലൂടെ പരിശോധിക്കുന്നുണ്ട്. ഉത്തരവുകള്‍ താഴേത്തട്ടിലേക്ക് കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കാനും ആധുനിക സാങ്കേതിക വിദ്യകള്‍ കൃത്യമായി ഉപയോഗിക്കാനും കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധിക്കാലത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന മുന്‍കരുതലാണ് ഈ പരിശോധനയെന്ന് ഇയാല്‍ സാമിര്‍ പറഞ്ഞു.
Content Highlight: Israeli forces are passing through a tense and unpredictable phase: Defense Chief issues warning.
