യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എസ്റ്റാഡിയോ സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടാണ്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റിക്ക് വേണ്ടി ഹാലണ്ട് എതിരാളിയുടെ വല കുലുക്കി. 47ാം മിനിട്ടില്‍ ഹെഡ്ഡറിലൂടെയായിരുന്നു ഹാലണ്ട് ഗോള്‍ നേടിയത്.

പുതിയ സൈനിങ് എന്‍സോ ഫെര്‍ണാണ്ടസിന്റെ മികച്ച ക്രോസിലാണ് ഹാലണ്ട് ബോള്‍ വലയിലെത്തിച്ചത്.
പിന്നീട് മത്സരത്തിലെ അവസാന നിമിഷത്തില്‍ (90+1) ഹാലണ്ട് വീണ്ടും എതിരാളിയുടെ വല കുലുക്കി. അള്‍ജീരിയയുടെ റയാന്‍ ഐറ്റ് നൂരി നല്‍കിയ മാന്ത്രിക പാസിലൂടെയായിരുന്നു ഹാലണ്ടിന്റെ സ്‌കോറിങ്.

സീസണിന്റെ തുടക്കത്തില്‍ തന്നെ ഇരട്ടഗോള്‍ നേടിയ എര്‍ലിങ് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗിലെ 59 മത്സരത്തില്‍ നിന്ന് 59 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തിലെ എക്കാലത്തെയും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ജര്‍മനിയുടെ ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം തോമസ് മുള്ളറെ മറികടന്നാണ് 26കാരന് സാധിച്ചിരിക്കുകയാണ്.

ഈ നേട്ടത്തില്‍ ഡൈനാമോ കൈവിന്റെ ഷെവ്‌ചെങ്കോയ്‌ക്കൊപ്പമെത്താനും താരത്തിന് സാധിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗിലെ ടോപ് ഗോള്‍ സ്‌കോറര്‍മാരില്‍ എട്ടാം സ്ഥാനത്താണ് ഹാലണ്ട്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

(താരം, ഗോള്‍ എന്ന ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 141

ലയണല്‍ മെസി – 129

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി – 109

കരിം ബെന്‍സേമ – 90

റൗള്‍ ഗോണ്‍സാലസ് – 71

കിലിയന്‍ എംബാപ്പെ – 71

റൂഡ് വാന്‍ നിസ്റ്റല്‍റൂയ് – 60

എര്‍ലിങ് ഹാലന്‍ഡ് – 59

ആന്‍ഡ്രി ഷെവ്‌ചെങ്കോ – 59

തോമസ് മുള്ളര്‍ – 57

Content Highlight: Erling Haaland In Great Record Achievement In Champions League; Surpass Thomas Muller