കിലുക്കത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുമ്പിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2022ല്‍ പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ അരുണ്‍ എന്ന കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്ത അഭിനേതാവാണ് ശ്യാം മോഹന്‍. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അടക്കം ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പ്രശംസ അറിയിച്ചിരുന്നു.

പ്രമലു. Photo: X.com

ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റിലെ ഹരി ചാക്യാരായുള്ള ശ്യാമിന്റെ പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സിനിമാലോകത്ത് കൈയടി വാങ്ങുന്നത്. 250 കോടിയും കടന്ന് തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രം വലിയ വിജയമാണ് ഇതിനോടകം നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്യാമിന്റെ കഥാപാത്രം, പ്രേമലുവിന് ശേഷം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നായകനായി വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍. വെറുതെ ഒരു നായകനായി കളയാം എന്നതിലുപരി പ്രേക്ഷകര്‍ക്ക് കൂടെ ഇഷ്ടപ്പെടുന്ന കഥ തെരഞ്ഞെടുത്ത് ചെയ്യാമെന്നാണ് താന്‍ കരുതുന്നതെന്ന് ശ്യാം പറഞ്ഞു. നായകനായി വരാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു.

‘ഞാന്‍ നായകനായി അഭിനയിച്ച ഒരു ചിത്രം ഇപ്പോള്‍ ഷൂട്ട് കഴിഞ്ഞ് നില്‍ക്കുകയാണ്. ചിത്രത്തിന് ടൈറ്റില്‍ ഇട്ടിട്ടില്ല. ഞാനും അഖിലയും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞങ്ങള്‍ പ്രേമലുവില്‍ ഉള്ളവര്‍ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും എക്‌സ്‌ചേഞ്ച് ചെയ്ത് അഭിനയിക്കുനന്ന പോലെയാണ്. കോമഡി ഴോണറില്‍ തന്നെയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. അതില്‍ നമ്മുടെ സുരേഷേട്ടന്‍ (സുരേഷ് കൃഷ്ണ), ഷമീര്‍ ഖാന്‍, അരുണ്‍ പ്രദീപ് ശരത് സഭ തുടങ്ങി അത്യാവിശ്യം നല്ല കാസ്റ്റാണ് ഉള്ളത്.

പ്രമലു. Photo: IMDB

എല്ലാവര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള പരിപാടി ചിത്രത്തിലുണ്ട്. ഇതുകൂടാതെ സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്ന സ്‌ട്രോങ്ങായിട്ടുള്ള പരിപാടിയാണെങ്കില്‍ മാത്രം ചെയ്യാം എന്ന ലൈനില്‍ നില്‍ക്കുകയാണ്. വെറുതെ ഒരു നായകനായി കളയാം എന്ന രീതിയിലുള്ള പടങ്ങളിലേക്ക് പോകാതെ ഇത് കണ്ടാല്‍ ആള്‍ക്കാര്‍ക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്ന പടങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്,’ ശ്യാം മോഹന്‍ പറഞ്ഞു.

Content Highlight: Shyam Mohan talks about his upcoming movie as hero