ടി-20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം നമൻ ധിർ. ടി-20യിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടിയാണ് മുംബൈ ഇന്ത്യൻസ് താരം റെക്കോഡിട്ടത്. പഞ്ചാബ് ടി-20 ലീഗിൽ അമൃതസർ സൂർമാസിന്റെ താരമായ നമൻ മൊഹാലി കിങ്സിനെതിരെയാണ് റെക്കോഡ് സെഞ്ച്വറി നേടി തിളങ്ങിയത്.
64 പന്തിൽ 173 റൺസ് നേടിയാണ് നമൻ ധിർ ചരിത്രമെഴുതിയത്. 16 ഫോറുകളും 12 കൂറ്റൻ സിക്സുകളും ആണ് നമൻ ധിർ അടിച്ചെടുത്തത്. ടി-20യിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറാണ് താരം നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് നമൻ തകർത്തത്.
2026 ഐ.പി.എല്ലിൽ ദൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരുന്നു രാഹുൽ സെഞ്ച്വറി നേടി തിളങ്ങിയത്. പഞ്ചാബ് കിങ്സിനെതിരെ പുറത്താവാതെ 152 റൺസായിരുന്നു രാഹുൽ നേടിയിരുന്നത്.
ടി-20യിലെ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കോഡ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013 ഐ.പി.എല്ലിൽ പൂനെക്കെതിരെ 175 റൺസായിരുന്നു ഗെയ്ൽ നേടിയിരുന്നത്.
നീണ്ട 13 വർഷമായിട്ടും ആരുംതൊടാത്ത ഈ റെക്കോഡ് തകർക്കാനുള്ള സുവർണാവസരമായിരുന്നു നമൻ ധിറിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാൽ വെറും മൂന്ന് റൺസകലെയാണ് താരത്തിന് ഈ ചരിത്രനേട്ടം നഷ്ടമായത്,

അതേസമയം മത്സരത്തിൽ 67 റൺസിന്റെ വമ്പൻ വിജയമാണ് അമൃതസർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമൻ ധിറിന്റെ സെഞ്ച്വറി കരുത്തിൽ 279 റൺസിന്റെ കൂറ്റൻ ടോട്ടലാണ് നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഇത്രയധികം റൺസ് സ്കോർ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മൊഹാലി കിങ്‌സ് ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 212 റൺസിൽ അവസാനിക്കുകയായിരുന്നു. ജസ്കരൻവീർ സിങ് പോൾ 76 റൺസും അൻമോൽപ്രീത് സിങ് 52 റൺസും നേടി പൊരുതിയെങ്കിലും കൂറ്റൻ ടോട്ടൽ മറികടക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
Content Highlight: Naman Dhir create a historical record T20 cricket
