ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ഉത്പന്നങ്ങളുടെ വ്യാപാരം നിരോധിച്ച് ബ്രിട്ടന്‍. വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതും ഫലസ്തീന്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നതുമാണ് കടുത്ത നടപടിയിലേക്ക് ബ്രിട്ടനെ നയിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടിയേറ്റ കേന്ദ്രങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്നാണ് ബ്രിട്ടന്റെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇസ്രഈലുമായുള്ള നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് പാര്‍ലമെന്റില്‍ വ്യാപാര നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്കും കേന്ദ്രങ്ങളുടെ വികസനത്തിന് ധനസഹായം നല്‍കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്ന് ബ്രിട്ടന്റെ പ്രതിനിധികള്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഇ-1 കുടിയേറ്റ പദ്ധതി മേഖലയുടെ തുടര്‍ച്ചയെ തകര്‍ക്കുമെന്ന് ബ്രിട്ടന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രിട്ടന്റെ നീക്കത്തിന് ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിനായി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 13 രാജ്യങ്ങള്‍ സംയുക്തമായി നിലപാട് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Britain announces a ban on products from Israeli settlements in the West Bank.
