ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയുടെ ആരാധകര്‍ക്ക് വലിയൊരു ട്രീറ്റായിരുന്നു കഴിഞ്ഞദിവസം ലഭിച്ചത്. താരത്തിന്റെ പിറന്നാള്‍ ദിവസം മൂന്ന് വമ്പന്‍ പ്രൊജക്ടുകളുടെ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മേളയുടെ ഫസ്റ്റ് ലുക്ക്, തമിഴ് ചിത്രം ഓമിന്റെ ടീസര്‍, മട്ടാഞ്ചേരി മാഫിയയുടെ പിറന്നാള്‍ ആശംസ പോസ്റ്റര്‍ എന്നിവ ആരാധകര്‍ക്ക് ഏറ്റെടുത്തു.

എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്ത സിനിമകളുടെ അപ്‌ഡേറ്റുകള്‍ വന്നെങ്കിലും മമ്മൂട്ടിയുടെ ഒരു സിനിമയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവരാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കി. സിനിമാലോകത്ത് വലിയ ചര്‍ച്ചയായ പദയാത്രയുടെ ഒരു അപ്‌ഡേറ്റും പുറത്തുവരാത്തതാണ് ആരാധകരില്‍ നിരാശയുണ്ടാക്കിയത്.

ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുന്ന ചിത്രമാണ് പദയാത്ര. തന്റെ ഗുരുവിനുള്ള ഗുരുദക്ഷിണ എന്നായിരുന്നു പദയാത്രയെ ആരാധകര്‍ വിശേഷിച്ചത്. അനൗണ്‍സ് ചെയ്ത് വളരെ വേഗത്തില്‍ ആരംഭിച്ച പ്രൊജക്ട് അതിനെക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയും ചെയ്തു.

ഫെബ്രുവരിയില്‍ ഷൂട്ട് പൂര്‍ത്തിയായ പദയാത്രയുടെ ഒരു ഫസ്റ്റ് ലുക്ക് പോലും ഇതുവരെ പുറത്തുവന്നില്ല. ഇതോടെ ട്രോള്‍ പേജുകളിലടക്കം പദയാത്ര വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ ഫൂട്ടേജ് ഡിലീറ്റായിപ്പോയോ എന്നാണ് പലരും ചോദിക്കുന്നത്. ഷൂട്ട് പൂര്‍ത്തിയാക്കിയിട്ട് പടത്തിന്റെ റിലീസ് വൈകിപ്പിക്കുന്ന മമ്മൂട്ടിക്കമ്പനിയുടെ സ്ഥിരം ഏര്‍പ്പാടില്‍ പദയാത്രയും ഭാഗമായോ എന്നും ചോദ്യമുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഴോണര്‍ മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഈ കാലതാമസമെന്നും ചിലര്‍ ട്രോളുന്നുണ്ട്. ഒരുപാട് വി.എഫ്.എക്‌സ് വര്‍ക്കുകള്‍ ഉണ്ടായിരിക്കുമെന്നും അതിനാലാണ് റിലീസ് വൈകുന്നതെന്നുമാണ് ഇത്തരം ട്രോളുകള്‍. ചിത്രത്തെക്കുറിച്ച് ഒരു വിവരവും പുറത്തുവരാത്തത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്.

എന്നാല്‍ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനാകും അണിയറപ്രവര്‍ത്തകരുടെ ഉദ്ദേശമെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് പ്രീമിയറാക്കാനാണ് പദയാത്രയുടെ ടീം പദ്ധതിയിടുന്നതെന്നാണ് ഇത്തരം റിപ്പോര്‍ട്ടില്‍ പറയുന്നത്. മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ കോമ്പോയിലൊരുങ്ങുന്ന ചിത്രം ഒരുപാട് അവാര്‍ഡുകള്‍ സ്വന്തമാക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

Content Highlight:  Posts about Mammotty’s Padayathra movie viral in cinema pages