ന്യൂദൽഹി:സി.ജെ.പി പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി നോയിഡയിലെ വിദ്യാർത്ഥി.

നോയിഡയിലെ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അക്ഷത് ത്രിപാഠിക്കെതിരെയാണ് ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നോട്ടീസ് അയച്ചത്. അലഹാബാദ് സ്വദേശിയായ ത്രിപാഠി ഗൗതം ബുദ്ധ സർവകലാശാലയിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ്.

കടുത്ത പ്രതിഷേധത്തെ തുടർന്ന് നോട്ടീസ് പിന്നീട് അധികൃതർ പിൻവലിച്ചെങ്കിലും, അക്ഷത് ത്രിപാഠിക്ക് അത് ആദ്യം എന്തിന്റെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് അറിയണമെന്ന നിലപാടിലാണ്.

‘എനിക്ക് യാതൊരു ക്രിമിനൽ ചരിത്രവുമില്ല. എന്നെക്കുറിച്ച് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. അവ തെളിയിക്കാനും കഴിയില്ല. നോട്ടീസ് റദ്ദാക്കിയാലും, അത് എന്തിന്റെ അടിസ്ഥാനത്തിലാണ് നൽകിയതെന്ന് അറിയണം. പ്രതിഷേധം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞ ശേഷം പെട്ടെന്ന് ഇത്തരമൊരു നടപടി എടുക്കാൻ ഉദ്യോഗസ്ഥന് എങ്ങനെ തോന്നി? ഞങ്ങൾ അവസാനം വരെ പോരാടും.’ അക്ഷത് ത്രിപാഠി പറഞ്ഞു.

ദൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് ഗൗതം ബുദ്ധ സർവകലാശാലയിലെ ഈ വിദ്യാർത്ഥിക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കാൻ നോട്ടീസ് നൽകുകയായിരുന്നു. വിഷയം വലിയ വിവാദമായതോടെ നോയിഡ പൊലീസ് നോട്ടീസ് റദ്ദാക്കി.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് അക്ഷത് ത്രിപാഠി വ്യക്തമാക്കി. താൻ തികച്ചും സമാധാനപരമായാണ് സമരത്തിൽ പങ്കെടുത്തതെന്നും യൂണിവേഴ്സിറ്റിയിൽ ക്ലാസുകൾ നടക്കാതിരുന്ന സമയത്താണ് പ്രതിഷേധത്തിൽ പങ്കാളിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും ഈ ഏകപക്ഷീയ നടപടിക്കെതിരെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും നിയമവിദഗ്ധരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ കടുത്ത നിയമങ്ങളിലൂടെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംഘടനകൾ ആരോപിച്ചു.

സംഭവം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് നോട്ടീസ് തിടുക്കത്തിൽ റദ്ദാക്കിയത്.

ത്രിപാഠി സർവകലാശാലയിലെ മറ്റ് വിദ്യാർത്ഥികൾക്കിടയിൽ സർക്കാരിനെതിരായ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ പ്രചരിപ്പിക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇത് പ്രദേശത്ത് പൊതുസമാധാനം തകർക്കാൻ ഇടയാക്കും എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേറ്റർ നോയിഡയിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ത്രിപാഠിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എതിർകക്ഷി സമാധാനം ലംഘിക്കാൻ ശക്തമായ സാധ്യതയുണ്ട് എന്നും നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ത്രിപാഠി ഈ ആരോപണങ്ങളെല്ലാം പൂർണമായി തള്ളി. ജൂലൈ 20-ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ മേയ് 25-ന് ശേഷം താൻ സർവകലാശാലയിലേക്ക് പോയിട്ടേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മെയ് 25-ന് ശേഷം ഞാൻ സർവകലാശാലയിൽ പോയിട്ടില്ലെങ്കിൽ, വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചുവെന്ന് എങ്ങനെ എന്നെ കുറ്റപ്പെടുത്താനാകും?’ അദ്ദേഹം ചോദിച്ചു.

മെയ് അവസാനം സർവകലാശാല രണ്ട് മാസത്തേക്ക് അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് താൻ കാമ്പസ് ഹോസ്റ്റൽ വിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നോട്ടീസിൽ ഞാൻ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചുവെന്നാണ് പറയുന്നത്. അത് എങ്ങനെ സാധിക്കും? ജൂലൈയിലെ ഭൂരിഭാഗം സമയവും ഞാൻ അലഹബാദ് ഹൈക്കോടതിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു.’ ത്രിപാഠി വ്യക്തമാക്കി.

ബുധനാഴ്ച ദൽഹിയിലെത്തിയ അക്ഷത് ത്രിപാഠി സംഭവത്തിൽ സുപ്രീം കോടതിയെ സമീപിച്ച് റിട്ട് ഹർജി സമർപ്പിച്ചു. തനിക്കെതിരായ ആരോപണങ്ങൾക്ക് ആധാരമായ യാതൊരു രേഖയോ തെളിവോ തനിക്ക് ഇതുവരെ കൈമാറിയിട്ടില്ലെന്നും, അതിനാൽ തന്നെ ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാനുള്ള ന്യായമായ അവസരം പോലും അധികൃതർ നൽകിയില്ലെന്നും അദ്ദേഹം ഹരജിയിൽ ബോധിപ്പിച്ചു.

‘ജൂലൈ 19-ന് രാവിലെ 15 പേരോടൊപ്പം അലഹബാദിൽ നിന്ന് ദൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു. അടുത്ത ദിവസം പാർലമെന്റിലേക്ക് മാർച്ച് നടത്താൻ സി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. പോകാൻ മാതാപിതാക്കളെ സമ്മതിപ്പിക്കേണ്ടി വന്നു. എന്റെ സുരക്ഷയെക്കുറിച്ച് അവർ ഭയപ്പെട്ടിരുന്നു. ഞാൻ സുരക്ഷിതനായിരിക്കുമെന്ന് അവർക്ക് ഉറപ്പുനൽകി. എന്നാൽ പ്രതിഷേധത്തിനിടെ എനിക്ക് പരിക്കേറ്റപ്പോൾ അവർ കൂടുതൽ ആശങ്കപ്പെട്ടു.’ അദ്ദേഹം ഓർത്തെടുത്തു.

‘എനിക്ക് നോട്ടീസ് ലഭിച്ചതിന് ശേഷം മാതാപിതാക്കൾ എന്റെ സുരക്ഷയെക്കുറിച്ച് ഭയപ്പെടുന്നുണ്ട്. എന്നാൽ അവർക്ക് എന്നിൽ വിശ്വാസമുണ്ട്. ആദ്യ ദിവസം മുതൽ എസ്.എഫ്.ഐ എനിക്ക് പൂർണ പിന്തുണ നൽകി.’ ത്രിപാഠി പറഞ്ഞു.

Content Highlight:I Have No Criminal Record, So Why Was I Served a Notice?: Noida Student Questions Action Over CJP Protest.