ന്യൂദൽഹി: ഉത്തർപ്രദേശിലെ സംഭലിൽ വീണ്ടും പള്ളി കേന്ദ്രീകരിച്ച് തർക്കം. ചന്ദൗസി റോയ് മേഖലയിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകൾ ഉന്നയിച്ച പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

മസ്ജിദ് പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) കീഴിലുള്ള സംരക്ഷിത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും പള്ളിയുടെ യഥാർത്ഥ ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

നേരത്തെ തീവ്ര ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിച്ച് വിവാദത്തിലേക്ക് വലിച്ചിഴച്ച ഷാഹി മസ്ജിദിന് പിന്നാലെയാണ് സംഭലിൽ മറ്റൊരു പള്ളിയെക്കൂടി കേന്ദ്രീകരിച്ച് തർക്കം ഉയർന്നിരിക്കുന്നത്.

മസ്ജിദിനെതിരെ പരാതി നൽകിയത് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീ കൽക്കി സേനയുടെ നേതാവും അഭിഭാഷകനുമായ സുഭോഷ് ചന്ദ്ര ത്യാഗിയാണ്. ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പരാതി ലഭിച്ചതിനെ തുടർന്ന് സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് അന്വേഷണം നടത്താൻ നിർദേശിച്ചു. മസ്ജിദുമായി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം, എ.എസ്.ഐ രേഖകൾ, പള്ളിയിലെ നിർമാണ-പുനർനിർമാണ പ്രവർത്തനങ്ങളുടെ ചരിത്രം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അനധികൃത നിർമാണമോ കയ്യേറ്റമോ മൂന്നാം കക്ഷിയുടെ അധീനതയോ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിൽ ശ്മശാനത്തിന് സമീപമുള്ള ചില പ്ലോട്ടുകൾ മസ്ജിദിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ പറഞ്ഞു. പള്ളി എ.എസ്.ഐയുടെ സംരക്ഷിത കെട്ടിടമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മസ്ജിദുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ കയ്യേറ്റമോ നിർമാണമോ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

അതേസമയം, മസ്ജിദിന്റെ സ്വത്ത് വഖഫ് സ്വത്താണെന്നും പള്ളി സയ്യിദ് ബാബ ബഹാവുദ്ദീൻ ഷായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും മുത്തവല്ലി അറിയിച്ചതായി പരാതിക്കാരൻ സുഭോഷ് ചന്ദ്ര ത്യാഗി അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വസ്തുതകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കപ്പെടും.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദെന്നാണ് പ്രദേശവാസികൾ പറയുന്നത്. പഴയ കെട്ടിടം കാലക്രമേണ ദുർബലമായതിനെ തുടർന്നാണ് ഏകദേശം 15 -20 വർഷം മുമ്പ് മസ്ജിദ് പുനർനിർമിച്ചതെന്നും അവർ വ്യക്തമാക്കി. പുനർനിർമാണം നടന്ന കാലത്തോ അതിന് ശേഷമോ പള്ളിയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള തർക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പതിറ്റാണ്ടുകളായി സമാധാനപരമായി നിലനിന്നിരുന്ന വിഷയമാണ് ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നാണ് പ്രദേശവാസികളുടെ വിമർശനം. മസ്ജിദിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് പിന്നിൽ പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങളുണ്ടോയെന്നതും പ്രദേശവാസികൾക്കിടയിൽ ചർച്ചയാണ് .

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ വിവിധ തരത്തിലുള്ള നടപടികളും അവകാശവാദങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് സംഭലിലെ പുതിയ പള്ളി തർക്കവും ഉയർന്നുവന്നിരിക്കുന്നത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഭൂമി, നിർമാണം, ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തർക്കങ്ങൾ സൃഷ്ടിക്കുന്ന പ്രവണത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകുന്നതിനിടെയാണ് സംഭലിലും സമാനമായ നീക്കം ഉണ്ടായിരിക്കുന്നത്.

നേരത്തെ സംഭലിലെ ഷാഹി മസ്ജിദിനെ കേന്ദ്രീകരിച്ചുണ്ടായ തർക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പള്ളിയെക്കൂടി കേന്ദ്രീകരിച്ച് ഹിന്ദുത്വ സംഘടന പരാതി നൽകുകയും ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംഭവവികാസങ്ങൾ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

Content Highlight:Kalki Sena Targets Uttar Pradesh’s Baba Bahauddin Shah Mosque; District Administration Orders Probe.