അഗര്‍ത്തല: ത്രിപുരയിലെ ഖോവായ് ജില്ലയില്‍ സംഘപരിവാരിന്റെ ഗോരക്ഷാ ഗുണ്ടകള്‍ 45കാരനായ കര്‍ഷകനെ മര്‍ദിച്ച് കൊലപ്പെടുത്തി. കന്നുകാലികളെ മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് ഗിലതാലി നിവാസിയായ ജലീല്‍ റഹ്‌മാനെ സംഘപരിവാര്‍ അക്രമികള്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അക്രമമുണ്ടായത്. അടുത്ത ഗ്രാമത്തില്‍ നിന്ന് റഹ്‌മാന്‍ പണം കൊടുത്ത് വാങ്ങിയ രണ്ട് പശുക്കളുമായി തിരിച്ച് പോകുന്നതിനിടെ സംഘപരിവാര്‍ ഗുണ്ടകള്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. റഹ്‌മാന്‍ മോഷ്ടിച്ച കന്നുകാലികളെ കടത്തുകയാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘മോഷ്ടിച്ച കന്നുകാലികളെ കൊണ്ടുപോകാന്‍ വന്ന ഒരാളാണെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം റഹ്‌മാനെ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം സ്വന്തം പണം ഉപയോഗിച്ച് രണ്ട് പശുക്കളെ വാങ്ങി അവയുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു,’ കല്യാണ്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍-ഇന്‍-ചാര്‍ജ് ആശിഷ് സര്‍ക്കാരിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റഹ്‌മാന് ഫോണില്‍ തന്റെ കുടുംബാംഗങ്ങളെ വിളിച്ചിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ എത്തിയ ബന്ധുക്കളെയും ഹിന്ദുത്വ അക്രമിസംഘം മര്‍ദിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തുകയും റഹ്‌മാനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും റഹ്‌മാന്‍ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ഇരുമ്പുവടികളമായെത്തിയ സംഘപരിവാറുകാര്‍ ജലീല്‍ റഹ്‌മാനെ ക്രൂരമായി ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 70,000 രൂപ കൊള്ളയടിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ അദ്ദേഹത്തോട് കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നായിരുന്നു റഹ്‌മാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചത്.

ഫോണ്‍ കോളിന് ശേഷം റഹ്‌മാന്റെ ഭാര്യ ലിഫുഫയും പിതാവ് റാഷിദ് മിയയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. അവരെ സംഘപരിവാറുകാര്‍ ഇരുമ്പുവടിയും ലാത്തിയുമുപയോഗിച്ച് ആക്രമിച്ചു. റഹ്‌മാന് കൈകള്‍ക്കും കാലുകള്‍ക്കും ഒടിവുകള്‍ ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകള്‍ പറ്റിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ അദ്ദേഹം കുഴഞ്ഞുവീണതായാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമികളെക്കുറിച്ചുള്ള വിവരങ്ങളില്‍ പൊലീസിന്റെ സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അക്രമികളായ മൂന്നുപേരെ ലിഫുഫ തിരിച്ചറിഞ്ഞു. പ്രസന്‍ജീത് മജുംദാര്‍, ദിലീപ് ദാസ്, അജിത്ത് ദേബ്നാഥ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

റഹ്‌മാനെ സംഘപരിവാര്‍ അക്രമികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടന്നു. തിപ്ര മോത പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഷാ ആലം മിയ അടങ്ങുന്ന സംഘം റഹ്‌മാന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

‘ജലീല്‍ കൊല്ലപ്പെട്ട രാത്രിയില്‍, പ്രദേശത്തെ ഹിന്ദുക്കള്‍ രാത്രി മുഴുവന്‍ നൃത്തം ചെയ്യുകയും പാട്ടുപാടുകയും മദ്യപിക്കുകയും ചെയ്‌തെന്ന് തങ്ങള്‍ അറിഞ്ഞു,’ എന്ന് ഷാ ആലം മിയയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ജലീല്‍ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ കുടുംബം രക്ഷിക്കാന്‍ എത്തിയപ്പോള്‍ അവരെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മായിയപ്പനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭയും പ്രതിഷേധിച്ചു. ത്രിപുരയില്‍ കര്‍ഷകര്‍ക്കു നേരെ സംഘപരിവാര്‍ നിരന്തരം ആക്രമണം നടത്തുകയാണെന്ന് സംഘടന പ്രതികരിച്ചു. ജലീലിനെ കൊലപ്പെടുത്തിയവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നല്‍കണമെന്നും കിസാന്‍ സഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlight: Called a ‘cattle thief’, Farmer beaten to death by mob