മലയാള ചലച്ചിത്രരംഗത്ത് അഞ്ചു പതിറ്റാണ്ടോളമായി വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് വിജയരാഘവൻ. പ്രശസ്ത നാടകകൃത്തും നടനുമായ എൻ. എൻ. പിള്ളയുടെ മകനായ വിജയരാഘവൻ 1973-ൽ പുറത്തിറങ്ങിയ കാപാലിക എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ന്യൂഡൽഹി, റാംജി റാവു സ്പീക്കിംഗ്, ഏകലവ്യൻ എന്നീ ചിത്രങ്ങളിൽ വിജയരാഘവൻ അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
പിന്നീട് മേലേപ്പറമ്പിൽ ആൺവീട്, സി.ഐ.ഡി. മൂസ, മേരിക്കുണ്ടൊരു കുഞ്ഞാട്, രാമലീല, പൂക്കാലം, കിഷ്കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ പാർവതി തിരുവോത്ത്, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്താനിരിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് വിജയരാഘവന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ.

വിജയരാഘവൻ. Photo. X.com
സിനിമയിൽ ഹീറോ കഥാപാത്രങ്ങൾ അവതരിപ്പിച്ചത് തനിക്ക് ഒരു പ്രശ്നമായി തോന്നിയ ഒന്നായിരുന്നു എന്ന് തുറന്നുപറയുകയാണ് വിജയരാഘവൻ.
‘ഒരു കാലത്ത് ഞാൻ സിനിമകളിൽ ഹീറോയായി അഭിനയിച്ചത് എനിക്ക് ഏറ്റവും വലിയ കുരുക്കായിട്ടാണ് തോന്നിയത്. അതൊരു വലിയ കുരുക്കായിരുന്നു. അതിൽ നിന്നും ഞാൻ പിന്നീട് രക്ഷപ്പെട്ടത് അഭിനയിക്കാതിരുന്നപ്പോഴായിരുന്നു. സുറുമയിട്ട കണ്ണുകൾ എന്ന് പറഞ്ഞ സിനിമ പരാജയപ്പെട്ടതിന് ശേഷമാണ് ഞാൻ ചെറിയ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയതും പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് കടന്നതും,’ നടൻ പറഞ്ഞു.
ഹീറോ വേഷങ്ങളുടെ അവതരണം എല്ലാ സിനിമകളിലും ഒരുപോലെ തോന്നിയെന്നും പറയുകയാണ് നടൻ. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങളോട് തനിക്ക് പിന്നീട് ഒരു മടുപ്പ് തോന്നിയതുകൊണ്ടാണ് ക്യാരക്ടർ റോളുകളിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘സപ്പോർട്ടിങ് ക്യാരക്ടർസൊക്കെ ചെയ്തുകൊണ്ടിരിക്കെ 1994-95 കാലഘട്ടത്തോടുകൂടിയാണ് ഞാൻ ഹീറോ ആകുന്നത്. അപ്പോൾ പിന്നെ കുറെ ഹീറോ വേഷങ്ങൾ വന്നു. അതെല്ലാം ഒരു പ്രത്യേക രീതിയിലുള്ള ഒരേതരം വേഷങ്ങൾ മാത്രമായി മാറും. അങ്ങനെ കുറച്ചു കഴിഞ്ഞതിനുശേഷം എനിക്ക് തന്നെ അത്തരം റോളുകളോട് ഒരു മടുപ്പ് തോന്നി തുടങ്ങി. അങ്ങനെയാണ് ഞാൻ പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് വന്നത്,’ വിജയരാഘവൻ പറഞ്ഞു.
ഹീറോ വേഷങ്ങൾ ചെയ്യുന്നത് നിർത്തിയപ്പോൾ ഒരു വർഷത്തോളം സിനിമയിൽ ഇടവേള സംഭവിച്ചെന്നും തുറന്നുപറയുകയാണ് വിജയരാഘവൻ. എന്നാൽ മുമ്പ് അഭിനയിച്ച ചിത്രങ്ങളുടെ റിലീസ് ആ കാലത്തുണ്ടായിരുന്നതുകൊണ്ട് തന്നെ താൻ സജീവമായിരുന്നു എന്നാണ് എല്ലാവരും ധരിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയരാഘവൻ. Photo. X.com
‘പിന്നീട് വന്ന ഹീറോ വേഷങ്ങളിൽ നിന്നും ഞാൻ ഒഴിവാക്കിത്തുടങ്ങി. കാരണം അഭിനയിക്കില്ല എന്ന് എനിക്ക് നേരിട്ട് പറയാൻ പറ്റില്ല. പകരം എന്തെങ്കിലും ന്യായങ്ങളൊക്കെ പറഞ്ഞ് പതുക്കെ മാറാൻ തുടങ്ങി. അതോടുകൂടി പടമില്ലാതെ ഒരു വർഷത്തോളം ഇടവേള വന്നു.
പക്ഷെ അതും ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാരണം അതിനു മുന്നേ ചെയ്ത പടങ്ങളുടെ ഒക്കെ റിലീസ് ആ സമയത്തുണ്ടായിരുന്നു. അതുകൊണ്ട് സിനിമയിൽ ഞാൻ അപ്പോഴും സജീവമായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. ഒരുപക്ഷെ ഞാൻ ഇത് പറയുന്നതുവരെ ആർക്കും ഇതറിയുന്നുണ്ടാവില്ല,’ വിജയരാഘവൻ പറഞ്ഞു.
