ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെതിരെ നൽകിയ കേസ് ഹരജിക്കാരായ ഗുജറാത്ത് ആസ്ഥാനമായ എൻ.ജി.ഒ പിൻവലിച്ചു.

2023 ജനുവരിയിൽ സംപ്രേഷണം ചെയ്ത ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ഡോക്യുമെന്ററിക്കെതിരെ ജസ്റ്റിസ് ഓൺ ട്രയൽ എന്ന സംഘടന നൽകിയ ഹരജിയാണ് ദൽഹി ഹൈക്കോടതിയിൽ നിന്ന് പിൻവലിച്ചത്. ഇതേ വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ പുതിയ ഹരജി സമർപ്പിക്കാനുള്ള അനുമതിയോടെയാണ് നടപടി.

ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാമ്പത്തിക ഇളവോടെ കേസ് നടത്താനുള്ള അപേക്ഷയിലാണ് നേരത്തെ നോട്ടീസ് അയച്ചതെന്നും, അപകീർത്തിക്കേസിലല്ലെന്നും സംഘടനയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന്, പുതിയ ഹരജി നൽകാനുള്ള അനുമതിയോടെ കേസ് പിൻവലിക്കാൻ കോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രി, കേന്ദ്ര-ഗുജറാത്ത് സർക്കാരുകൾ, ഇന്ത്യൻ ജനത എന്നിവരുടെ സൽപ്പേരിന് കോട്ടം വരുത്തിയെന്ന് കാണിച്ച് 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എൻ.ജി.ഒ കോടതിയെ സമീപിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളെ പക്ഷപാതപരമായി ചിത്രീകരിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നാണ് പ്രധാന ആരോപണം.

2002-ലെ സംഭവങ്ങളെ ആസ്പദമാക്കി യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ പഴയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ബി.ബി.സി രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. എന്നാൽ ഇത് കൊളോണിയൽ മനോഭാവത്തോടെയുള്ള ദുരുദ്ദേശപരമായ പ്രചാരണം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കിയിരുന്നു.

യൂട്യൂബ്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇതിന്റെ ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മോദിക്ക് പൂർണ്ണ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടെന്ന വസ്തുത സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ, വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബി.ബി.സി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പ്പര്യ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്ന് ദൽഹി, മുംബൈ എന്നിവിടങ്ങളിലെ ബി.ബി.സി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.

കൃത്യമായ ഗവേഷണത്തോടെയും ഉയർന്ന എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നാണ് ബി.ബി.സിയുടെ ഔദ്യോഗിക വിശദീകരണം.

Content Highlight:Defamation Case Against BBC Withdrawn by Gujarat NGO; Delhi High Court Allows Filing of Fresh Plea.

x