ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഡബിള്‍ സെഞ്ച്വറിയടിച്ച് ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍. നിലവില്‍ നേരിട്ട 300 പന്തില്‍ നിന്ന് 250 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഏഴ് സിക്‌സും 27 ഫോറും ഉള്‍പ്പെടെയാണ് കിഷന്‍ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ദുലീപ് ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാകാനാണ് കിഷന്‍. 39 വര്‍ഷത്തിനൊടുവിലാണ് ഒരു ക്യാപ്റ്റന്‍ ദുലീപ് ട്രോഫിയില്‍ ഡബിള്‍ നേടുന്നത്. നേരത്തെ 1987ല്‍ അനുഷ്മാന്‍ ഗെയ്ക്വാദാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഡബിള്‍ സ്വന്തമാക്കുന്ന താരം. നിലവില്‍ റിട്ടയേഡ് ഹര്‍ട്ടായി കൂടാരത്തിലേക്ക് മടങ്ങിയിരിക്കുകയാണ് താരം.
അതേസമയം ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ നിലവില്‍ 133 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 619 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 45 റണ്‍സ് നേടിയ അനുകുല്‍ റോയിയും ആറ് റണ്‍സ് നേടിയ എം.ഡി. കോനിയാന്‍ ഖുറേഷിയുമാണ്.
രണ്ടാം ദിനം കിഷനൊപ്പം നിന്ന് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്കാണ് ആറാം സ്ഥാനത്ത് ഇറങ്ങിയ കുമാര്‍ കുശാഗ്ര വഹിച്ചത്. 132 പന്തില്‍ നിന്ന് അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് കുശാഗ്ര അടിച്ചെടുത്തത്.
അതേസമയം മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ വൈഭവ്-അഭിമന്യു ഈശ്വരന്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍, ആക്രമിച്ച് കളിച്ച വൈഭവ് 15ാം ഓവറില്‍ 44 റണ്‍സ് നേടി മടങ്ങി.
പിന്നാലെ ഈശ്വരന്‍ 72 റണ്‍സിനും പവലിയനില്‍ തിരിച്ചെത്തി. ഒരു സിക്സും 10 ഫോറും നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു.
സൗത്ത് സോണിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നത് ത്രിപുരാനാ വിജയിയും ചാമ മിലാന്തുമാണ്. ഇരുവരും രണ്ട് വിക്കറ്റ് വീതമാണ് നേടിയത്. ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും നേടി.
Content Highlight: East Zone Captain Ishan Kishan Create History In Duleep Trophy Final
