ചെന്നൈ: ടി.വി.കെ സർക്കാരിൽ ചേരണമെന്ന ഭരണകക്ഷിയുടെ അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയിൽ അംഗങ്ങൾ ആകാതെ തന്നെ പുറത്ത് നിന്ന് സർക്കാരിന് പിന്തുണ നൽകുന്നത് തുടരുമെന്ന് സി.പി.ഐ.എം-സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ വ്യക്തമാക്കി.

വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാരിന് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ഭരണത്തിലേറാൻ ആവശ്യമായ കേവല ഭൂരിപക്ഷം തികയാതെ വന്നതോടെയാണ് മറ്റ് പാർട്ടികളുടെയും സഖ്യകക്ഷികളുടെയും പിന്തുണ അനിവാര്യമായി മാറിയത്.

സർക്കാരുണ്ടാക്കാൻ പുറത്തുനിന്നുള്ള പിന്തുണ സി.പി.ഐ.എമ്മും സി.പി.ഐയും അന്ന് നൽകിയെങ്കിലും അവർ മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചു. ഇരു പാർട്ടികൾക്കും രണ്ട് എം.എൽ.എമാർ വീതമാണുള്ളത്.

സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ടി.വി.കെ സഖ്യകക്ഷികളുടെ യോഗത്തിലേക്ക് ഇരു പാർട്ടികൾക്കും ഔദ്യോഗിക ക്ഷണവുമായി ടി.വി.കെ മന്ത്രിമാർ നേരിട്ടെത്തി.

ടി.വി.കെയുടെ മുതിർന്ന മന്ത്രിമാരായ എൻ. ആനന്ദ്, ആദവ് അർജുന, സി.ടി.ആർ. നിർമൽ കുമാർ, എ. രാജ്‌മോഹൻ എന്നിവർ വെള്ളിയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സർക്കാരിൽ ചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

എന്നാൽ, സി.പി.ഐ.എം-സി.പി.ഐ ഏകോപന സമിതി യോഗത്തിന് ശേഷം മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന തങ്ങളുടെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു.

ഭൂരിപക്ഷം തെളിയിക്കാനാവാതെ വരികയോ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാവുകയോ ചെയ്താൽ സംസ്ഥാനത്ത് കേന്ദ്ര ഇടപെടലിലൂടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നു.

തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം വരുന്നത് ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇടതുപാർട്ടികൾ സർക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കാൻ പുറത്തുനിന്ന് പിന്തുണ നൽകാൻ തയ്യാറായത് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു.

ബുധനാഴ്ച നടക്കുന്ന യോഗത്തിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ്, വിടുതലൈ സിറുത്തൈകൾ കക്ഷി, എം.ഡി.എം.കെ കക്ഷികളുടെ പ്രതിനിധികൾ പങ്കെടുക്കും. ടി.വി.കെയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെടുന്ന പുതിയ മുന്നണിയുടെ പേരും ഈ യോഗത്തിൽ പ്രഖ്യാപിക്കും.

Content Highlight:Left parties reject cabinet invitation again; Vijay will not join the government.