കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്ത്രി ഘോഷയാത്രകള്‍ ആരംഭിച്ചതെന്നും പി. ജയരാജന്‍ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ വ്യക്തമാക്കി.

ശ്രീകൃഷ്ണനിലുള്ള വിശ്വാസം എത്രയോ കാലമായിട്ട് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പക്ഷേ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്തജാതികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 1934ലെ ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ അങ്ങോട്ട് അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘നായര്‍ സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് പോലും അങ്ങോട്ട് പ്രവേശനം നിയന്ത്രിതമായിരുന്നു. നായര്‍ കടന്നുപോ കടന്നുപോ എന്ന് അവിടെ പലപ്പോഴും വിളിച്ചു പറയുന്നതായിട്ട് മന്നത്ത് പത്മനാഭന്‍ പോലും പറഞ്ഞിട്ടുണ്ട്,’ എന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ല കമ്മിറ്റി ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പോഡ് കാസ്റ്റില്‍ സംസാരിക്കവെ പി. ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ ചതയ ദിനത്തിനായിരുന്നു ഘോഷയാത്രകളുണ്ടായിരുന്നത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ഇവിടെ ഇല്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

‘കേരളത്തിലെ പല പ്രദേശങ്ങളിലും ആ ചതയദിനത്തിന് ഘോഷയാത്ര ഉണ്ടാവും, ശ്രീനാരായണ ജയന്തിക്ക്. അതല്ലാതെ ശ്രീകൃഷ്ണ ജയന്തിക്ക് ഘോഷയാത്ര ഇല്ലായിരുന്നു.അത് കേരളത്തിലെ കുടുംബങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള ആര്‍എസ്എസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. അത് പരസ്യമായിട്ട് പറഞ്ഞു. ജനങ്ങളോട് പറഞ്ഞു ഇത് ഒരു രാഷ്ട്രീയ പദ്ധതിയാണ്. ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്,’ പി. ജയരാജന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.

സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതികളെ തുറന്നുകാട്ടുമെന്നും അത് ജനങ്ങളോട് പറയുമെന്നും പി. ജയരാജന്‍ പറഞ്ഞു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലുമാണ് പോഡ്കാസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആര്‍.എസ്.എസിനെതിരെ സമീപ കാലത്ത് പി. ജയരാജന്‍ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ‘ഏകത്വ’ത്തെക്കുറിച്ച് സംസാരിച്ചതും അത് മാധ്യമങ്ങള്‍ ആഘോഷിച്ചതും കപട പ്രചാരണമാണെന്ന് ജയരാജന്‍ അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഏകപക്ഷീയമായ ഈ കപട പ്രചാരണത്തെ പ്രതിരോധിക്കലും തുറന്നു കാട്ടുന്നതും ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

‘ആര്‍.എസ്.എസ് ലോകത്ത് ആകെ നടന്ന് ”ഏകത്വ”ത്തെക്കുറിച്ച് ക്ലാസ് എടുക്കുകയാണ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ”ഏകത്വ”ത്തെക്കുറിച്ച് വാചാലനാകുന്നു. അത് മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. ഏകപക്ഷീയമായ ഈ കപട പ്രചാരണത്തെ പ്രതിരോധിക്കുക, തുറന്നുകാട്ടുക എന്നത് ഈ കാലത്തിന്റെ രാഷ്ട്രീയ ആവശ്യം മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ അതിജീവനത്തിന്റെ മാര്‍ഗം കൂടിയാണ്,’ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നാടിനെയും ജനങ്ങളെയും സ്നേഹിക്കുകയും സ്വന്തം രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും ചെയ്യുന്ന ഓരോരുത്തരും ഈ പ്രതിരോധ നിരയില്‍ പങ്കാളികളാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍.എസ്.എസിനെയും അത് മുന്നോട്ടുവയ്ക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തെയും എതിര്‍ക്കേണ്ടത് വ്യക്തിവിരോധത്തിന്റെ പേരിലല്ല. അത് ഉയര്‍ത്തിപ്പിടിക്കുന്ന അസമത്വത്തിന്റെയും ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ആശയപരമായി നേരിടാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മതനിരപേക്ഷ ഇന്ത്യ എന്നത് വ്യത്യസ്ത മതങ്ങളിലും ജാതികളിലും ഭാഷകളിലും സംസ്‌കാരങ്ങളിലും ജീവിക്കുന്ന മനുഷ്യര്‍ക്ക് തുല്യ അവകാശത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തിരഞ്ഞെടുപ്പ് ഘട്ടത്തിലോമറ്റേതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളിലോ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. നാട്ടിന്‍പുറത്തെ വായനശാലകളിലും വീടുകളുടെ മുറ്റങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബ സദസ്സുകളിലും നിരന്തരമായ രാഷ്ട്രീയ-സാമൂഹിക സംവാദമായി അത് വളരണമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു

Content Highlight: CPIM Leader P Jayarajan About Sri Krishna Jayanthi