ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയ ആളുകളുടെ സുഹൃത്തുക്കളല്ല യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ഫ്രണ്ട്‌സ് എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടായിരുന്നു ഡാനിഷ് അലിയുടെ പരാമര്‍ശം.
രാജ്യത്തെ യുവാക്കള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി തുടര്‍ച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും ഐസ നേതാവ് വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനമായ സെപ്തംബര്‍ അഞ്ചിന് ഗൗരി മെമ്മോറിയല്‍ ട്രസ്റ്റ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയ ആളുകളുടെ സുഹൃത്തുക്കളല്ല ഞങ്ങള്‍. ഞങ്ങള്‍ നിങ്ങളുമായുള്ള പോരാട്ടത്തിലാണ്. നിങ്ങളുടെ വിജയം നേടുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും. ഈ രാജ്യത്തെ യഥാര്‍ത്ഥത്തില്‍ ജനാധിപത്യപരമാക്കുന്നതുവരെ,’ ഡാനിഷ് പറഞ്ഞു.
2017 ല്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ താന്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിക്കുന്നതിന് നല്‍കേണ്ടി വരുന്ന വില എന്താണെന്ന് ആ കൊലപാതകം തനിക്ക് എങ്ങനെ മനസ്സിലാക്കി തന്നു. ഫാസിസ്റ്റ് ശക്തികളെയും തീവ്രവാദത്തിന്റെയും ഭീകരതയുടെയും ശക്തികളെയും എതിര്‍ത്തതിനാലാണ് അവര്‍ ഗൗരിയെ ലക്ഷ്യം വച്ചതെന്നും ഡാനിഷ് അലി പറഞ്ഞു.
അതേ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ച മറ്റ് ആളുകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും ഗൗരിയുടെ കൊലപാതകത്തിനൊപ്പം ഓര്‍മിക്കപ്പെടണം. അതേ പ്രത്യയശാസ്ത്രത്തില്‍പെട്ട ആളുകളാണ് മഹാത്മാ ഗാന്ധിയെയും കൊലപ്പെടുത്തിയത്. ഇപ്പോള്‍ നമ്മള്‍ പോരാടേണ്ടത് ഈ പ്രത്യയശാസ്ത്രത്തോടാണെന്നും വിദ്യാര്‍ത്ഥി നേതാവ് ചൂണ്ടിക്കാട്ടി.
ഗോവിന്ദ് പന്‍സാരെ, എം.എം. കലബുര്‍ഗി, ജി.എന്‍. സായിബാബ, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവരുടെ കൊലപാതകങ്ങളും അവരാണ് നടത്തിയത്. ജനാധിപത്യ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ഭരണകൂടത്തോടുള്ള വിയോജിപ്പുകളുന്നയിക്കുകയും ചെയ്ത വിശാല പോരാട്ടം നടത്തിയ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ തുടര്‍ച്ചയായ തടവും ആ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകളാണെന്നും അവര്‍ വ്യക്തമാക്കി.
അനീതിക്കെതിരെ സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ തെളിവാണ് ഗൗരി ലങ്കേഷിന്റെ ജീവിതമെന്ന് ചടങ്ങില്‍ സംസാരിച്ച എസ്.എഫ്.ഐ ദേശീയ ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷ് പറഞ്ഞു. ഗൗരി തന്റെ രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് എഴുതുക മാത്രമല്ല, അവ അനുസരിച്ച് ജീവിച്ചു. അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്താനും ആശയങ്ങള്‍ കൈമാറാനും വിയോജിക്കാനുമുള്ള അവകാശം സ്ഥാപിക്കുന്നതില്‍ ഗൗരിയുടെ മാതൃക യുവാക്കള്‍ക്ക് ശക്തി പകരുന്നുവെന്നും അവര്‍ പറഞ്ഞു.
2014 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ട, ന്യൂനപക്ഷ സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ ഇത് രൂക്ഷമാണെന്നും ഐഷെ ചൂണ്ടിക്കാട്ടി.
അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവരെ കൂടുതലായി ലക്ഷ്യമിടുന്നു. അധികാരത്തിലിരിക്കുന്നവര്‍ക്ക് സ്വീകാര്യമായ രാഷ്ട്രീയം തെരഞ്ഞെടുക്കണമെന്ന് അവര്‍ യുവാക്കളെ വിശ്വസിപ്പിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് സുരക്ഷിതരാക്കുമെന്ന് പലരും വിശ്വസിക്കാനും തുടങ്ങി. ഇത് അവരെ’നിഷ്പക്ഷത’യിലേക്ക് തള്ളിവിട്ടെന്നും ഐഷെ അഭിപ്രായപ്പെട്ടു.
ഗൗരി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ അഭിമാനിക്കുന്ന ഒരു കോക്രോച്ച് ആവുമായിരുന്നെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) ദേശീയ വക്താവും സഹ-കണ്‍വീനറുമായ അശുതോഷ് റാങ്ക പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അവസ്ഥയ്ക്ക് കാരണം ‘ഫണ്ടിന്റെ അഭാവം’ അല്ല. രാഷ്ട്രീയ ഇച്ഛാ ശക്തി ഇല്ലാത്തവര്‍ ഭരിക്കുന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയക്കാര്‍ക്ക് പലര്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ സ്വന്തമായിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് പൊതുവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരുന്നില്ല,’ റാങ്ക പറഞ്ഞു.
‘ക്യാമ്പസുകള്‍ തെരുവുകളിലേക്ക്: ജനാധിപത്യം ഉപരോധത്തിലാണോ?’ എന്ന പേരില്‍ ഐസയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ അഞ്ചിന് ബെംഗളൂരുവില്‍ സംഘടപ്പിച്ച ഒരു പാനല്‍ ചര്‍ച്ചയിലും ഡാനിഷ് അലി സംസാരിച്ചിരുന്നു.
ഇന്ത്യയിലെ കാമ്പസുകളില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ഇപ്പോഴും പൊലീസ് കേസുകളും ശത്രുതാപരമായ ഇടപെടലുകളും ശിക്ഷേ നടപടികളും നേരിടേണ്ടി വരുന്നതായി ചടങ്ങില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. ജെ.എന്‍.യുവിലെ നിരീക്ഷണ സംവിധാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല 20,000 രൂപ വീതം പിഴ ചുമത്തിയതിനെക്കുറിച്ചും അവര്‍ സംസാരാച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തതിനും കയ്യടിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും ജെ.എന്‍.യു അധികൃതര്‍ ഉളുപ്പില്ലാതെ പിഴ ചുമത്തിയെന്നും ഡാനിഷ് അഭിപ്രായപ്പെട്ടു.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി മാത്രം പര്യാപ്തമല്ല. ചോര്‍ച്ചക്ക് പിന്നിലെ അഴിമതി പരിഹരിക്കണമെന്ന് ഡാനിഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ലക്ഷ്മിപതി സിജി, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി എന്നിവരും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
Content Highlight: We are not friends of those who killed Gauri Lankesh- Danish Ali Rejecting Prime Minister Narendra Modi’s attempt to address young people as friends
