ബെംഗളൂരു: ദളിതര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള സംവരണം 75 ശതമാനമായി ഉയര്‍ത്തണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ജനസംഖ്യയ്ക്ക് ആനുപാതികമായി സാമുദായിക പ്രാതിനിധ്യം നല്‍കാതെ സാമൂഹിക നീതി കൈവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സംസ്ഥാന പിന്നാക്ക ജാതി ഫെഡറേഷന്റെ രജത ജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കും സാമൂഹിക നീതി ലഭിക്കണമെങ്കില്‍ കുറഞ്ഞത് 75 ശതമാനം സംവരണം വേണം. ദളിതര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എല്ലാമായി 75 ശതമാനം സംവരണം ലഭിക്കണം,’ അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും തുല്യ പങ്ക് ലഭിക്കുന്നത് ഉറപ്പാക്കാന്‍ വ്യത്യസ്ത സമുദായങ്ങളുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജാതി സര്‍വേയിലെ കണ്ടെത്തലുകള്‍ പരസ്യമാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

പിന്നാക്ക സമുദായങ്ങളുടെ ജനസംഖ്യയെക്കുറിച്ച് വിശ്വസനീയമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ ജാതി സര്‍വേ ആവശ്യമാണ്. 2013-ല്‍ മുഖ്യമന്ത്രിയായതിനുശേഷം താന്‍ ജാതി സര്‍വേയ്ക്ക് ഉത്തരവിട്ടെങ്കിലും തന്റെ ഭരണകാലത്ത് അത് പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മധുസൂദന്‍ നായികിന്റെ നേതൃത്വത്തിലുള്ള പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം. സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെയും പരസ്യമാക്കുന്നതിനെയും കോടതി ഉത്തരവ് പ്രകാരം തടഞ്ഞിട്ടുണ്ടെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും അവരുടെ ജാതിയും ജനസംഖ്യയും അനുസരിച്ച് സംവരണം ലഭിക്കുമ്പോള്‍ മാത്രമേ ഒരു സമത്വ സമൂഹം സൃഷ്ടിക്കാന്‍ കഴിയൂ. ഒരു സമത്വ സമൂഹം സൃഷ്ടിക്കുന്നതിന് രാഷ്ട്രീയ സമത്വം അനിവാര്യമാണ്. അതിനായി ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സമാനമായ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാതിവ്യവസ്ഥ ചരിത്രപരമായി സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസവും അവസരങ്ങളും നിഷേധിക്കുന്നു. സാമൂഹിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സമത്വത്തിനായുള്ള പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹത്തില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം, തുല്യമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടാത്തിടത്തോളം, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കപ്പെടാത്തിടത്തോളം, പോരാട്ടം തുടരണം,’ അദ്ദേഹം പറഞ്ഞു.

‘എന്റെ വിദ്യാര്‍ത്ഥി കാലം മുതല്‍ തന്നെ ഞാന്‍ അനീതിക്കെതിരെ പോരാടിയിട്ടുണ്ട്. ഞാന്‍ കഠിനമായി പോരാടി, നിയമ ബിരുദം നേടി, രാഷ്ട്രീയത്തില്‍ പ്രവേശിച്ചു, പിന്നാക്ക ജാതിക്കാര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അനീതിക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, അത് തുടരുകയും ചെയ്യുന്നു,’ സിദ്ധരാമയ്യ പറഞ്ഞു.

രാജ്യത്ത് തെരഞ്ഞെടുപ്പ് വളരെ ചെലവേറിയതായി മാറി. അത് മാറ്റേണ്ടതുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ തുടരും, പക്ഷേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. കാരണം, തിരഞ്ഞെടുപ്പ് സമ്പ്രദായം കൂടുതല്‍ ചെലവേറിയതായി മാറി. ഈ സംവിധാനം പരിഷ്‌കരിക്കണം. പ്രായമായതിനാല്‍ ഞാന്‍ മത്സരിക്കില്ലെന്ന് ഞാന്‍ പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചടങ്ങിനെത്തിയ സിദ്ധരാമയ്യയുടെ അണികള്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ തുടരാന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ചു. ചടങ്ങില്‍ പങ്കെടുത്ത ചിക്കബല്ലാപുര എം.എല്‍.എ പ്രദീപ് ഈശ്വര്‍ സിദ്ധരാമയ്യയെ ‘അടുത്ത മുഖ്യമന്ത്രി’ എന്ന് പരാമര്‍ശിച്ചു. മന്ത്രിമാരായ അജയ് സിംഗ്, ബൈരതി സുരേഷ്, സന്തോഷ് ലാഡ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Content Highlight: Need 75 per cent reservation for Dalits, BCs, minorities – Siddaramaiah