പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ക്ക് ഡബിള്‍ ട്രീറ്റാണ് മമ്മൂട്ടി നല്‍കുന്നത്. ഏറെക്കാലമായി കാത്തിരിക്കുന്ന നിതീഷ് സഹദേവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഓം സിനിമയുടെ ക്യാരക്ടര്‍ ടീസറുമാണ് പുറത്തുവിടുന്നത്. പിറന്നാല്‍ ദിനത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. റിലീസ് ചെയ്തപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയക്ക് തീയിട്ട ഐറ്റമായി ഫസ്റ്റ് ലുക്ക് മാറി.

പക്കാ മാസ് കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ വ്യക്തമാണ്. മേള എന്നാണ് ചിത്രത്തിന്റെ പേര്. സര്‍ക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററായാകും മമ്മൂട്ടി മേളയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് ആദ്യം മുതല്‍ കേള്‍ക്കുന്ന റൂമറുകള്‍. ഗ്രാന്‍ഡ് സ്‌കെയിലിലാകും ചിത്രം ഒരുങ്ങുന്നതെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്.

ഫസ്റ്റ് ലുക്കിനപ്പുറം ചര്‍ച്ചയാകുന്നത് ചിത്രത്തിന്റെ ടൈറ്റിലാണ്. മേള എന്ന പേരിന് മമ്മൂട്ടിയുടെ കരിയറില്‍ വലിയൊരു പ്രാധാന്യമുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് മേള എന്നായിരുന്നു. കെ.ജി ജോര്‍ജിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

46 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മേളയുമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. അന്നത്തെ മേള ക്ലാസ് സിനിമയാണെങ്കില്‍ ഇപ്പോഴത്തെ മേള പക്കാ മാസ് മസാല പടമാണ്. ആരാധകര്‍ക്ക് കൈയടിച്ചും വിസിലടിച്ചും ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ഏറെക്കാലമായി മമ്മൂട്ടിയില്‍ നിന്ന് മിസ്സായ മാസ് എന്റര്‍ടൈനര്‍ സോണിലുള്ള ചിത്രമാകും മേളയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ഇടവേള നല്‍കി പൂര്‍ണമായും കൊമേഷ്‌സ്യല്‍ സോണിലേക്ക് ശ്രദ്ധ നല്‍കാനാണ് മമ്മൂട്ടിയുടെ പ്ലാനെന്ന് അദ്ദേഹത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നു. മേളക്ക് ശേഷം ഖാലിദ് റഹ്‌മാനൊപ്പമുള്ള മട്ടാഞ്ചേരി മാഫിയ ആരംഭിക്കും.

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് മേള നിര്‍മിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാര്‍ അണിനിരക്കുന്ന ചിത്രമാണിത്. ജീന്‍ പോള്‍ ലാല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോള്‍ ഹാഷിറും മേളയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിഷ്ണു വിജയ്‌യാണ് മേളയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammooty Nitish Sahadev movie titled as Mela