മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തതിൽ ആദ്യ പൊലീസ് വേഷം ചെയ്യാൻ ഒരുങ്ങുകയാണ് മാത്യു.
യുവ സംവിധായകനായ സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെയാണ് തന്റെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നത്. പോലീസ് വേഷം ചെയ്യണമെന്ന ആഗ്രഹം തനിക്ക് നേരത്തെ ഉണ്ടായിരുന്നില്ലെന്നും, എന്നാൽ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ കഥാപാത്രം ഏറ്റെടുക്കുമ്പോൾ ഒരുപാട് സംശയങ്ങളുണ്ടായിരുന്നുവെന്നും തുറന്ന് പറയുകയാണ് നടൻ മാത്യു തോമസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

മാത്യു തോമസ്. Photo. Screen Grab/ Youtube
‘പൊലീസ് വേഷം ചെയ്യണം എന്നുള്ള ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഡയറക്ടർ സഹദ് ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട് എന്ന് അറിയാമായിരുന്നു. ഞാൻ ഇതിന് മുന്നേ സഹദിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. ഈ സിനിമയെക്കുറിച്ചും പാർവതി ചേച്ചിയാണ് അഭിനയിക്കുന്നത് എന്നൊക്കെയും അറിയാമായിരുന്നു. പക്ഷെ പെട്ടന്ന് വന്ന എന്നോട് കഥ പറയുകയായിട്ടിരുന്നു,’മാത്യു പറഞ്ഞു.
കഥ കേൾക്കുന്നതിന് മുൻപ് തന്നെ എന്താണ് ഇതിൽ ചെയ്യാൻ പോകുന്നതെന്ന സംശയമുണ്ടായിരുന്നുവെന്നും മാത്യു പറയുന്നു. കഥ പൂർണമായി കേട്ടപ്പോഴാണ് താൻ ചെയ്യേണ്ട കഥാപാത്രത്തെക്കുറിച്ച് വ്യക്തമായത്. എന്നാൽ ഇത്തരമൊരു കഥാപാത്രം തനിക്ക് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയും തുടക്കത്തിലുണ്ടായിരുന്നു എന്നും താരം വ്യക്തമാക്കി.
‘ഞാൻ ആദ്യം ആലോചിച്ചത് ഇതിൽ എന്താണ് എനിക്ക് ചെയ്യാൻ ഉണ്ടാകുക എന്നൊരു സംശയമായിരുന്നു. കഥ പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഈ ഒരു ക്യാരക്ടറാണ് എന്ന് മനസിലായത്. ഞാൻ ആദ്യം വിചാരിച്ചത് ഈ കഥാപാത്രം എങ്ങനെ ചെയ്യാൻ പറ്റില്ല എന്ന് പറയും എന്നായിരുന്നു. ഇങ്ങനെ ഒരു കഥ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നുള്ള ഡൗട്ടുണ്ടായിരുന്നു എനിക്ക്,’മാത്യു പറഞ്ഞു.
തന്റെ ടെൻഷനും സംശയങ്ങളും സംവിധായകനുമായി തുറന്ന് സംസാരിച്ചതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായെന്നും മാത്യു പറഞ്ഞു. സഹദിന് ആളുകളെ കൺവിൻസ് ചെയ്യാനുള്ള കഴിവുണ്ടെന്നും, ഘട്ടംഘട്ടമായാണ് തന്റെ ആശങ്കകളെല്ലാം സംവിധായകൻ മാറ്റിയതെന്നും താരം വ്യക്തമാക്കി.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.Photo. IMDb
‘എന്റെ ടെൻഷനും ഡൗട്ടും കാര്യങ്ങളും എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോൾ ഡയറക്ടർ അത് ക്ലിയർ ചെയ്ത് തന്നു. സഹദിന് നന്നായി ആളുകളെ കൺവിൻസ് ചെയ്യാൻ അറിയാം. അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടാണ് ഞാൻ എന്റെ സംശയങ്ങൾ എല്ലാം തീർത്തത്. നമ്മുടെ കോ-ആക്ടേഴ്സും സെറ്റിലെ മറ്റുള്ള ആളുകളും എല്ലാം നന്നായി എന്നെ ഇംപ്രൂവ് ചെയ്യാൻ ഹെൽപ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറെ കാര്യങ്ങൾ എനിക്ക് ഓവർകം ചെയ്യാൻ പറ്റി. അങ്ങനെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ ഞാൻ സെറ്റിൽ കംഫർട്ടായി,’മാത്യു പറഞ്ഞു.
Content Highlight: Actor Mathew Thomas talks about his character in the film ‘Prathama Drishtiyaa Kuttakkar’
