മേജര്‍ ലീഗ് സോക്കറില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമിയും അറ്റ്ലാന്‍ഡ യുണൈറ്റഡും സമനിലയിലാണ് പിരിഞ്ഞത്. മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് മയാമിയായിരുന്നു. 32ാം മിനിട്ടില്‍ കാസെമിറോയായിരുന്നു ടീമിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ലയണല്‍ മെസിയുടെ അസിസ്റ്റില്‍ നിന്നുമാണ് കാസെമിറോ ഗോള്‍ സ്വന്തമാക്കിയത്.

മെസിയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ നേടിയാണ് കാസെമിറോ ആദ്യ ലീഡ് സമ്മാനിച്ചത്. ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം മെസി കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്.

ഗോള്‍ നേടാനായില്ലെങ്കിലും അസിസ്റ്റ് നേടി ടീമിന് സംഭാവന നല്‍കിയതോടെ ഒരു വമ്പന്‍ റെക്കോഡിലും മെസി തന്റെ കുതിപ്പ് തുടരുകയാണ്. എം.എല്‍.എസ് സീസണില്‍ ഏറ്റവും കൂടുതല്‍ തവണ 30+ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിച്ചത്.

എം.എല്‍.എസ് സീസണില്‍ ഏറ്റവും കൂടുതല്‍ തവണ 30+ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടുന്ന താരങ്ങള്‍

(താരം, സീസണ്‍, 30+ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നേടിയ സീസണുകള്‍)

ലിയോണല്‍ മെസി – 2024 – 2026 – 3

ഡെനിസ് ബൗയാംഗ – 2024 – 2025 – 2

ഇവാന്‍ഡര്‍ – 2024- 2025 -2

ലൂസിയാനോ അക്കോസ്റ്റ – 2023- 2024 – 2

ജോസഫ് മാര്‍ട്ടിനെസ് – 2018- 2019 – 2

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് – 2018 – 2019 – 2

കാസിമിറോയുടെ ഗോളില്‍ ലീഡ് നേടിയെങ്കിലും മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം മിഗുവല്‍ അല്‍മിറോണിലൂടെ അറ്റ്ലാന്‍ഡ തിരിച്ചടിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ലൂയി സുവാരസിന്റെ ഗോളിലൂടെ മയാമി വീണ്ടും മുന്നിലെത്തി.

ഈ ഗോളിന്റെ ആധിപത്യത്തില്‍ മയാമി വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷമായിരുന്നു അറ്റ്ലാന്‍ഡക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. 87ാം മിനിട്ടില്‍ ബ്രീല്‍ എംബോളോയിലൂടെ അറ്റ്ലാന്‍ഡ സമനില പിടിക്കുകയായിരുന്നു. വിജയഗോളിന് വേണ്ടി മെസിയും സംഘവും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും അറ്റ്ലാന്‍ഡ പ്രതിരോധം മറികടക്കാനായില്ല.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 23 മത്സരങ്ങളില്‍ നിന്നും 12 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയും അടക്കം 43 പോയിന്റാണ് മയാമിക്കുള്ളത്. എം.എല്‍.എസില്‍ മയാമിയുടെ അടുത്ത മത്സരം സെപ്റ്റംബര്‍ പത്തിനാണ്. ചിക്കാഗോ എഫ്.സിയാണ് എതിരാളികള്‍.

Content Highlight: Lionel Messi In Great Record Achievement In M.L.S After Retired In International Football