ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗ് എം.എൽ.എമാരെ ഡി.എം.കെ പക്ഷത്തേക്ക് മാറ്റാൻ കോടികൾ വാഗ്ദാനം ചെയ്‌തെന്ന് ആരോപണം. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന വ്യക്തമാക്കി.

ടി.വി.കെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി ഡി.എം.കെ നടത്തിയെന്നാരോപിക്കുന്ന കുതിരക്കച്ചവടവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തന്നെയും മറ്റൊരു മുസ്‌ലിം ലീഗ് എം.എൽ.എയെയും സമീപിച്ച് ഡി.എം.കെക്കൊപ്പം ചേരാൻ കോടികൾ വാഗ്ദാനം ചെയ്തതായി ലീഗ് എം.എൽ.എ സയ്യിദ് ഫാറൂഖ് ബാഷ ആരോപിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

തിരുവണ്ണാമലയിൽ നടന്ന പരിപാടിക്കിടെയാണ് ഫാറൂഖ് ബാഷ ആരോപണം ഉന്നയിച്ചത്. തനിക്ക് ആഭ്യന്തര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതോടൊപ്പം നിരവധി കോടി രൂപയുടെ കൈക്കൂലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് എം.എൽ.എ പറഞ്ഞത്.

എന്നാൽ, ഇത്തരം പ്രലോഭനങ്ങൾ താൻ നിരസിച്ചെന്നും സ്വന്തം പാർട്ടിയുടെ തത്വങ്ങൾക്കും ആശയങ്ങൾക്കും മുൻഗണന നൽകിയെന്നും ഫാറൂഖ് ബാഷ വ്യക്തമാക്കി. പിന്നീട് നിയമസഭയിൽ സംസാരിക്കവെ, തന്റെ പ്രസ്താവന ഡി.എം.കെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മെയ് ഏഴിന് ലീഗിനെ സമീപിച്ചവരെക്കുറിച്ചാണ് ഫാറൂഖ് ബാഷ പരാമർശിച്ചതെന്ന് മന്ത്രി എ.എം. ഷാജഹാൻ വ്യക്തമാക്കി. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയുന്നതിനായി പ്രതിപക്ഷമായ ഡി.എം.കെ മെയ് 7നും 8നും നിരവധി നിർദേശങ്ങൾ മുസ്‌ലിം ലീഗിന് മുന്നിൽ വെച്ചിരുന്നുവെന്നും എന്നാൽ പാർട്ടി അവയെല്ലാം നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് തന്നെയും മറ്റൊരു ലീഗ് എം.എൽ.എയെയും ഭീഷണിപ്പെടുത്തി രാത്രിയിൽ ഒരു ഹോട്ടലിൽ തടങ്കലിൽ വെച്ചെന്നും ഫാറൂഖ് ബാഷ ആരോപിച്ചു. ലീഗ് എം.എൽ.എമാരെ പാർപ്പിച്ചിരുന്ന ഹോട്ടൽ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആധവ് അർജുന ആവശ്യപ്പെട്ടു.

കോടികൾ വാഗ്ദാനം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കിടയിൽ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിച്ചോ, അവരെ തടങ്കലിൽ വെച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരും.

Content Highlight: Bribe Worth Crores Allegedly Offered to IUML MLAs; Probe into DMK’s Horse-Trading Allegations.