ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് മറുപടിയുമായി ഡി.എം.കെ മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. നിയമസഭയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും റീല്‍സുകളും ഫോട്ടോഷുകളും നടത്തി ഭരണപരാജയം മറച്ച് വെക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
മിസ നിയമത്തെക്കുറിച്ചും തന്റെ താടിയിലെ പരിക്കിനെക്കുറിച്ചും വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സ്റ്റാലിന്‍ പ്രതികരണം.
ഏയ് തമ്പി വിജയ് എന്ന് അഭിസംബോധന ചെയ്ത്‌കൊണ്ടായിരുന്നു സ്റ്റാലിന്റെ വീഡിയോ.
‘ നിയമസഭയെ നിങ്ങള്‍ റീലുകള്‍ എടുക്കുന്ന സ്ഥലമായി മാറ്റി. സിനിമാ ഷൂട്ടിങ് പോലെയാണ് നിങ്ങള്‍ ഭരണവും നടത്തുന്നത്. ഞങ്ങളുണ്ടാക്കിയ പാലങ്ങളില്‍ കയറി ഫോട്ടോഷൂട്ട് നടത്തുന്നു. ഭരണപരാജയം മറക്കാന്‍ റീലുകളുണ്ടാക്കി പോസ്റ്റ് ചെയ്ത് ഒരു തലമുറയെ മുഴുവന്‍ വഞ്ചിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.
1976 ല്‍ തടങ്കലില്‍ വെച്ചപ്പോള്‍ സ്റ്റാലിന്റെ താടിയെല്ലിന് പരിക്കേറ്റതിനെ പരാമര്‍ശിച്ച് കൊണ്ട് വിജയ് തന്റെ താടിയെല്ലിന് സമീപം കൈവെച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ താന്‍ ബോധപൂര്‍വം ചെയ്തല്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സ്റ്റാലിന്റെ മറുപടി.
1976 ല്‍ അടിയന്താരാവസ്ഥയെ എതിര്‍ത്ത് മിസ നിയമത്തെ വിമര്‍ശിച്ചതിന് താന്‍ നേരിടേണ്ടി വന്ന ക്രൂര മര്‍ദനങ്ങളെക്കുറിച്ചും സ്റ്റാലിന്‍ ഓര്‍ത്തെടുത്തു. ജയിലില്‍ നിന്ന് ക്രൂര മര്‍ദനമേറ്റാണ് തനിക്ക് താടിയെല്ലിന് പരിക്ക് പറ്റിയതെന്നും ആ അടി തടിയുന്നതിനിടെയാണ് മുന്‍ മദ്രാസ് മേയറും ഡി.എം.കെ എം.പിയുമായിരുന്ന ചിട്ടി ബാബു ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ ഈ പോരാട്ടങ്ങള്‍ ഡി.എം.കെയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അത് മാറ്റിയെഴുതാന്‍ നിങ്ങള്‍ക്ക് കഴിയില്ല,’ അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോയി തന്റെ പ്രത്യയശാസ്ത്ര ചരിത്രം വായിച്ച് നോക്കുവെന്നും അദ്ദേഹം വിജയ് യോട് പറഞ്ഞു.
സര്‍ക്കാരിയ കമ്മീഷനെക്കുറിച്ചും കരുണാനിധിക്കെതിരായ ആരോപണങ്ങളെക്കുറിച്ചും വിജയ് നടത്തിയ പരാമര്‍ശങ്ങളിലും അദ്ദേഹം മറുപടി നല്‍കി. ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം വീട്ടാനാണ് വിജയ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പദവിക്ക് അനുയോജ്യമായ രീതിയിലായിരിക്കണം ഒരു മുഖ്യമന്ത്രിയുടെ വാക്കും ശരീര ഭാഷയുമെന്നും സ്റ്റാലിന്‍ ഓര്‍മിപ്പിച്ചു. വിജയ് നേരത്തെ തന്റെ വസതിയിലെത്തി തെരഞ്ഞെടുപ്പ് കാലത്തെ വിമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ കാര്യവും സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട് നിയമസഭയില്‍ അടിയന്തരാവസ്ഥക്കാലത്തെ മിസ നിയമത്തെക്കുറിച്ചും എം. കെ. സ്റ്റാലിന്‍ നേരിട്ട തടവിനെക്കുറിച്ചും സംസാരിക്കവേ മുഖ്യമന്ത്രി വിജയ് തന്റെ കൈ താടിയെല്ലിനോട് ചേര്‍ത്തുവെച്ച് ഒരു ആംഗ്യം കാണിക്കുകയുണ്ടായി. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിലിലടയ്ക്കപ്പെട്ട സമയത്ത് പൊലീസ് മര്‍ദനമേറ്റ് എം. കെ. സ്റ്റാലിന്റെ താടിയെല്ലിന് സാരമായ പരിക്കേറ്റിരുന്നു.
വിജയ് തന്റെ താടിയെല്ലില്‍ കൈവെച്ച് കാണിച്ച ആംഗ്യം, സ്റ്റാലിന്റെ ആ ശാരീരിക വൈകല്യത്തെയും അനുഭവിച്ച പീഡനത്തെയും പരിഹസിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ഡി.എം.കെയും മറ്റ് പ്രതിപക്ഷ നേതാക്കളും ആരോപിച്ചു. പിന്നാലെ നിയമസഭയിലെ പ്രസംഗത്തിനിടെ താന്‍ നടത്തിയ ആംഗ്യം മനപൂര്‍വമല്ലെന്നും, അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വിജയ് വ്യക്തമാക്കി. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Thambi Vijay, you cannot rewrite history; governance is not about making reels and photoshoots: M.K. Stalin.
