യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ ചരിത്രം തിരുത്തിയെഴുതി യുവതാരം ലാമിന്‍ യമാല്‍. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ഫെയ്‌നൂര്‍ഡിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍സ് ആംബാന്‍ഡ് ധരിച്ചതിന് പിന്നാലെയാണ് യമാലിനെ തേടി റെക്കോഡ് നേട്ടമെത്തിയത്.
ബാഴ്‌സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് യമാല്‍ സ്വന്തമാക്കിയത്. 19 വയസും 58 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു യമാലിന്റെ നേട്ടം.
മത്സരത്തിന്റെ 82ാം മിനിട്ടില്‍ ക്യാപ്റ്റന്‍ റഫീന്യയെ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക് പിന്‍വലിച്ചതോടെയാണ് യമാലിനെ തേടി ക്യാപ്റ്റന്റെ ആംബാന്‍ഡെത്തിയത്. ഇതിന് പിന്നാലെയാണ് താരം ബ്ലൂഗ്രാനയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് യമാലിനെ ഈ നേട്ടം തേടിയെത്തിയതെങ്കിലും യു.സി.എല്ലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടം യമാലിന്റെ പേരിലല്ല. 18 വയസും 221 ദിവസവും പ്രായമുള്ളപ്പോള്‍ പോര്‍ട്ടോയെ നയിച്ച് റൂബന്‍ നീവ്‌സാണ് ഈ റെക്കോഡിലെത്തിയത്.

റൂബന്‍ നീവ്‌സ്
അതേസമയം, മത്സരത്തില്‍ ബാഴ്‌സ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം.
റഫീന്യ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കരീം അദേയിമി, ലാമിന്‍ യമാല്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ശേഷിച്ച ഗോളുകള്‍ സ്വന്തമാക്കിയത്.
ഗോളടിക്കുന്നതിനൊപ്പം രണ്ട് ഗോളിന് വഴിയൊരുക്കിയും യമാല്‍ മത്സരത്തില്‍ നിര്‍ണായകമായി.
പകരക്കാരനായെത്തിയ ഗോണ്‍സാലോ ബോര്‍ഗെസിന്റെ അസിസ്റ്റില്‍ പകരക്കാരനായെത്തിയ സെം സ്റ്റെജനാണ് ഫെയ്‌നൂര്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഈ വിജയത്തിന് പിന്നാലെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ പി.എസ്.ജിക്ക് പിന്നാലെ രണ്ടാമതാണ് ബാഴ്‌സലോണ.
ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 14നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. റാംസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ടര്‍ക്കിഷ് വമ്പന്‍മാരുമായ ഗളറ്റാസരേയാണ് എതിരാളികള്‍.
ലാ ലിഗയില്‍ 13നാണ് ബാഴ്‌സ അടുത്ത മത്സരത്തിനിറങ്ങുന്നത്. എസ്റ്റാഡിയോ സിയൂറ്റാറ്റ് ഡി വലന്‍സിയയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലെവന്റെയാണ് എതിരാളികള്‍. നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന ബാഴ്‌സ ലെവന്റെയ്‌ക്കെതിരെയും തകര്‍പ്പന്‍ വിജയം നേടുമെന്ന് തന്നയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Lamine Yamal becomes the youngest captain in Barcelona’s history.
