ദുലീപ് ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ നേരിടുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണിന്റെ കുതിപ്പ്.

334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് അവസാനിപ്പിച്ചത്.

തന്റെ ടീമിനായി ഫൈനലില്‍ തിളങ്ങുന്ന ഇഷാന്റെ സമീപകാല ചരിത്രം ദുലീപ് ട്രോഫിയിലും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഇന്ത്യയ്ക്കായും ആഭ്യന്തര തലത്തിലും ഫൈനല്‍ കളിച്ചപ്പോള്‍ കിഷന്‍ കരുത്ത് കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച ഇഷാന്‍ കിഷന്‍ കിരീടപ്പോരില്‍ സെഞ്ച്വറിയുമായാണ് തിളങ്ങിയത്.

ജാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയ ശേഷം

പത്ത് സിക്‌സറും ആറ് ഫോറും അടക്കം 49 പന്തില്‍ 101 റണ്‍സായിരുന്നു ഇഷാന്റെ സമ്പാദ്യം. സ്‌ട്രൈക് റേറ്റാകട്ടെ 206.12ഉം!

ഇഷാന്റെ കരുത്തില്‍ ജാര്‍ഖണ്ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. 81 റണ്‍സടിച്ച കുമാര്‍ കുശാഗ്രയാണ് ടീമിന്റെ മറ്റൊരു റണ്‍ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന 18.3 ഓവറില്‍ 193ന് പുറത്തായതോടെ ഇഷാനും സംഘവും കിരീടമുയര്‍ത്തി. ഫൈനലിലെ താരവും ഇഷാന്‍ കിഷന്‍ തന്നെയായിരുന്നു.

ശേഷം ഇന്ത്യയ്‌ക്കൊപ്പം 2026 ടി-20 ലോകകപ്പിലാണ് ഇഷാന്‍ കിഷന്‍ ഫൈനല്‍ കളിച്ചത്. ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം കിരീടം നേടിയപ്പോള്‍ സ്‌കോറിങ്ങില്‍ ഇഷാനും കരുത്തായി.

ലോകകപ്പുമായി. Photo: BCCI/x.com

ഇന്ത്യന്‍ നിരയിലെ രണ്ടാമത് മികച്ച റണ്‍ഗെറ്ററായിരുന്നു ഇഷാന്‍. 25 പന്ത് നേരിട്ട് നാല് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 216.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ 54 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇഷാനൊപ്പം സഞ്ജു സാംസണ്‍ 89 റണ്‍സും അഭിഷേക് ശര്‍മ 52 റണ്‍സും അടിച്ചെടുത്തതോടെ ഇന്ത്യ അഞ്ച് വിക്കറ്റില്‍ 255 റണ്‍സ് നേടുകയും ന്യൂസിലാന്‍ഡിനെ 159 റണ്‍സിന് എറിഞ്ഞിട്ട് കിരീടം നിലനിര്‍ത്തുകയുമായിരുന്നു.

ശേഷം ഇപ്പോള്‍ ദുലീപ് ട്രോഫി ഫൈനലിലും താരം ക്ലാസ് തെളിയിച്ചിരിക്കുകയാണ്.

അതേസമയം, ഫൈനലില്‍ കുമാര്‍ കുശാഗ്രയും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 132 പന്തില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ശിഖര്‍ മോഹന്‍ (120 പന്തില്‍ 85), അഭിമന്യു ഈശ്വരന്‍ (86 പന്തില്‍ 72), അനുകൂല്‍ റോയ് (98 പന്തില്‍ 45), മുഹമ്മദ് ഖുറേഷി (91 പന്തില്‍ 40) എന്നിവരും ഈസ്റ്റ് സോണിനായി തിളങ്ങി.

സൗത്ത് സോണിനായി ത്രിപുരാന വിജയ് നാല് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ട് വീതം വിക്കറ്റുകളും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.

 

Content Highlight: Ishan Kishan’s brilliant knocks in finals