മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരം, നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന വേണു നാഗവള്ളിയെക്കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ.

വേണു നാഗവള്ളി സിനിമകൾ എഴുതുന്നത് തന്നെ തനിക്ക് ചേരുന്ന കഥാപാത്രങ്ങളെ മനസിൽ കണ്ടുകൊണ്ടാണെന്ന് പറയുകയാണ് ഉർവശി. അദ്ദേഹത്തിന്റെ സിനിമകളിലെ തന്റെ കഥാപാത്രങ്ങളിൽ ഒരു കുസൃതി എപ്പോഴും കാണാൻ കഴിയുന്നതിന്റെ പ്രധാന കാരണം, ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അതിൽ കൃത്രിമമായ അഭിനയം കൊണ്ടുവരാതെ സ്വാഭാവികമായി ചെയ്യാൻ അദ്ദേഹം പറയുന്നത് കൊണ്ടാണെന്നും ഉർവശി കൂട്ടിച്ചേർത്തു.

ഉർവശി. Photo. Screen Grab/ Youtube

‘വേണു ചേട്ടന് എന്നെ ചെറുപ്പം മുതലേ അറിയാവുന്നതാണ്. വേണു ചേട്ടന്റെ ഏയ് ഓട്ടോ സിനിമ വരെയുള്ള കഥാപാത്രങ്ങൾ എന്നെ മനസിൽ കണ്ടാണ് എഴുതിയത്. അങ്ങനെയേ എഴുതൂ വേണു ചേട്ടൻ. അതുകൊണ്ടുതന്നെ എന്റെ ഉള്ളിലെ ആ കുറുമ്പ് എല്ലാ കഥാപാത്രങ്ങളിലും കാണാം. അവൾ അഭിനയിക്കേണ്ട എന്നാണ് അദ്ദേഹം പറയാറുള്ളത്.

നമ്മൾ ഏതെങ്കിലും ഒരു സീനിലൊക്കെ കുറച്ച് കയ്യിൽ നിന്നൊക്കെ അഭിനയിച്ചിട്ടാൽ അപ്പോൾ ചേട്ടൻ ചോദിക്കും, എന്തിനാ അഭിനയിക്കുന്നത് മോളെ, മോൾ സാധാ സംസാരിക്കുന്ന പോലെ ചെയ്താൽ മതി എന്ന് പറഞ്ഞ് റീടേക്ക് എടുപ്പിക്കും. എന്നെ അത്രയുമറിയാവുന്നത് കൊണ്ട് തന്നെ ചേട്ടന്റെ സിനിമകളിൽ എനിക്ക് അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല, അങ്ങനെ ചെയ്താൽ അപ്പോൾ തന്നെ പുള്ളി കണ്ടുപിടിക്കും,’ ഉർവശി പറഞ്ഞു.

വേണു നാഗവള്ളി സംവിധാനം ചെയ്ത കളിപ്പാട്ടം സിനിമയുടെ ചിത്രീകരണവേളയിലുണ്ടായ ഒരു രസകരമായ സംഭവം കൂടി ഉർവശി ഓർത്തെടുക്കുന്നു.

കളിപ്പാട്ടം സിനിമയിൽ വരവീണ എന്നൊരു പാട്ടുണ്ട്. അതിന്റെ ചിത്രീകരണം നടക്കുന്നത് ഒരു ഡിസംബർ മാസത്തിൽ വെളുപ്പിന് നാലുമണിക്ക് ഊട്ടിയിൽ വെച്ചാണ്. ഉറക്കപിച്ചിൽ എണീറ്റുവന്നിട്ട് ഒരു ട്രെയിൻ വരുമ്പോൾ നമ്മൾ പോകുന്ന രീതിയിലുള്ള സീനാണ്.

അപ്പോൾ ഞാനാണെങ്കിൽ സെറ്റിലിരുന്ന് ഉറങ്ങിപ്പോയി. പെട്ടെന്ന് ട്രെയിൻ വന്നു, പാട്ടിട്ടപ്പോൾ എനിക്ക് മനസിലായില്ല. ഞാൻ ലാലേട്ടനോട് ചോദിച്ചു ചേട്ടാ ഇതേതാ പാട്ട് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു വരവീണ പഠിച്ചിട്ടില്ലേ, അതാണ് പാട്ട് എന്ന്.

എനിക്ക് അതിന്റെ ട്യൂണൊന്നും അറിയില്ലായിരുന്നു, ആകെ അറിയാവുന്നത് വരവീണ എന്ന് തുടങ്ങുന്ന കീർത്തനം മാത്രമാണ്. അവിടെ എണീറ്റുനിന്ന് എന്തൊക്കെയോ കാണിച്ച് അഡ്ജസ്റ്റ് ചെയ്താണ് പാടിയൊപ്പിച്ചത്. അല്ലായിരുന്നെങ്കിൽ വേണു ചേട്ടൻ തൃക്കണ്ണ് തുറന്ന് ജട എടുത്തടിച്ചേനെ,’ നടി ഓർത്തെടുത്തു.

വേണു നാഗവള്ളി സംവിധാനം ചെയ്ത ഏയ് ഓട്ടോയിൽ ഡേറ്റ് ഇല്ലാത്തതുകാരണം അഭിനയിക്കാൻ സാധിക്കാത്തതുകൊണ്ട് അദ്ദേഹം തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്നും ഉർവശി പറയുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ പെരുമാറേണ്ട ഒരാൾ കൂടിയായിരുന്നു വേണു നാഗവള്ളിയെന്നും നടി കൂട്ടിച്ചേർത്തു.

വേണു നാഗവള്ളി. Photo. Kvartha

‘വേണു ചേട്ടന്റെ എല്ലാ പടങ്ങളിലും ഞാൻ കാണും. അതിൽ ഏയ് ഓട്ടോക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ വേണു ചേട്ടൻ പിന്നെ എന്നോട് മിണ്ടുകയേ ഇല്ലായിരുന്നു. ഡേറ്റില്ല എന്ന് പറഞ്ഞാൽ ചേട്ടൻ ചോദിക്കും, ഓ അങ്ങനെയായല്ലേ മോളെ, മോൾ സിനിമ നടി ആയതു അറിയിലായിരുന്നു  എന്നൊക്കെ ചോദിച്ച് കളയും. അപ്പോൾ വളരെ സൂക്ഷിച്ചു പെരുമാറേണ്ട ഒരാൾ കൂടിയായിരുന്നു അദ്ദേഹം,’ ഉർവശി പറഞ്ഞു.

Content Highlight:Urvashi talks about Venu Nagavally