ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ കൂറ്റന്‍ ടോട്ടലുമായി ഈസ്റ്റ് സോണ്‍. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം രണ്ടാം ദിനം 708ബ് റണ്‍സിനാണ് ഈസ്റ്റ് സോണ്‍ പുറത്തായത്. ഡബിള്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ റണ്‍സിലേക്ക് കടന്നത്.
334 പന്തുകളില്‍ നിന്നും 274 റണ്‍സാണ് ഇഷാന്‍ നേടിയത്. 30 ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്സ്. ദുലീപ് ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍.

മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ പേരിലുണ്ടായിരുന്ന 16 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇഷാന്‍ തകര്‍ത്തത്. 2010 ഫൈനലില്‍ സൗത്ത് സോണിന് വേണ്ടി വെസ്റ്റ് സോണിനെതിരെ 183 റണ്‍സായിരുന്നു കാര്‍ത്തിക് നേടിയിരുന്നത്.
ദുലീപ് ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് ഇഷാന്‍ കിഷന്‍. 39 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ക്യാപ്റ്റന്‍ ദുലീപ് ട്രോഫിയില്‍ ഡബിള്‍ നേടുന്നത്. 1987ല്‍ അനുഷ്മാന്‍ ഗെയ്ക്വാദാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ദുലീപ് ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ താരം.
ഇഷാന്‍ കിഷനൊപ്പം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ നിര്‍ണായക പങ്കുവഹിച്ചത് കുമാര്‍ കുശാഗ്രയാണ്. 132 പന്തില്‍ നിന്ന് അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് കുശാഗ്ര അടിച്ചെടുത്തത്. ശിഖര്‍ മോഹന്‍ 85 റണ്‍സും അഭിമന്യു ഈശ്വരന്‍ 72 റണ്‍സും സ്വന്തമാക്കി മികച്ച പ്രകടനം നടത്തി.
സൗത്ത് സോണിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ത്രിപുരാനാ വിജയിയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ചാമ മിലാന്ത്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും നേടി.
അതേസമയം 55 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുറ്റുന്നത്. 1970-71 സീസണിലാണ് ഇരുടീമുകളും അവസാനമായി ദുലീപ് ട്രോഫിയുടെ കലാശപ്പോരില്‍ ഏറ്റുമുട്ടിയത്. അന്ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗത്ത് സോണ്‍ 10 വിക്കറ്റിന് വിജയിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
Content Highlight: Ishan Kishan score a historical double century in Duleep trophy final
