ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ നേരിടുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഈസ്റ്റ് സോണ്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്. 135 പന്ത് നേരിട്ട താരം 14 ഫോറും ഒരു സിക്‌സറുമടക്കം 111 റണ്‍സുമായി നായകന്‍ ക്രീസില്‍ തുടരുകയാണ്.

75 പന്തില്‍ 63 റണ്‍സുമായി കുമാര്‍ കുശാഗ്രയാണ് ഒപ്പം ക്രീസിലുള്ളത്. 72 റണ്‍സടിച്ച അഭിമന്യു ഈശ്വരനും 85 റണ്‍സ് നേടിയ ശിഖര്‍ മോഹനും ഇന്നിങ്‌സില്‍ നിര്‍ണായകമായി.

37 പന്തില്‍ 44 റണ്‍സുമായാണ് വൈസ് ക്യാപ്റ്റന്‍ വൈഭവ് സൂര്യവംശി തന്റെ റോള്‍ പൂര്‍ത്തിയാക്കിയത്. അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 118.92 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ വര്‍ഷം നോക്ക്ഔട്ട് മാച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന തന്റെ പതിവ് വൈഭവ് ദുലീപ് ട്രോഫിയുടെ കിരീടപ്പോരാട്ടത്തിലും തുടരുകയാണ്. ഈ വര്‍ഷം ഫോര്‍മാറ്റുകളേതെന്നില്ലാതെ നോക്ക്ഔട്ടുകളില്‍ വൈഭവ് ബാറ്റ് കൊണ്ട് തിളങ്ങിയിരുന്നു.

ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിക്കുന്നതില്‍ വണ്ടര്‍ കിഡ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. സെമിയില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ താരം ഫൈനലില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായാണ് എതിരാളികളെ തകര്‍ത്തെറിഞ്ഞത്.

വൈഭവ് സൂര്യവംശി. Photo: BCCI

ശേഷം ഐ.പി.എല്ലിലും ട്രൈനേഷന്‍ സീരീസ് ഫൈനലിലും വൈഭവ് തന്റെ ക്ലാസ് വ്യക്തമാക്കി.

2026ല്‍ നോക്ക്ഔട്ട് മത്സരങ്ങളില്‍ സൂര്യവംശിയുടെ പ്രകടനം

68 (33) – U19 ലോകകപ്പ് സെമി ഫൈനല്‍ vs അഫ്ഗാനിസ്ഥാന്‍

175 (80) -U19 ലോകകപ്പ് ഫൈനല്‍ vs ഇംഗ്ലണ്ട്

97 (39) – ഐ.പി.എല്‍ എലിമിനേറ്റര്‍ vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

96 (47) ഐ.പി.എല്‍ ക്വാളിഫയര്‍ vs ഗുജറാത്ത് ടൈറ്റന്‍സ്

94 (29) ട്രൈനേഷന്‍ സീരീസ് ഫൈനല്‍ vs ശ്രീലങ്ക എ

92 & 40 ദുലീപ് ട്രോഫി സെമി ഫൈനല്‍ vs സെന്‍ട്രല്‍ സോണ്‍

44 ദുലീപ് ട്രോഫി ഫൈനല്‍ vs സൗത്ത് സോണ്‍ (ആദ്യ ഇന്നിങ്‌സ്)*

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

ഫൈനല്‍ പോരാട്ടത്തില്‍ ശേഷിക്കുന്ന ഇന്നിങ്‌സിലും വൈഭവ് തന്റെ ക്ലാസ് വ്യക്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഈസ്റ്റ് സോണ്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും വൈഭവായിരുന്നു ഈസ്റ്റ് സോണിന്റെ ടോപ്പ് സ്‌കോറര്‍.

അതേസമയം, ഫൈനല്‍ പോരാട്ടത്തില്‍ മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ഈസ്റ്റ് സോണ്‍. ക്രീസില്‍ നിലയുറപ്പിച്ച ക്യാപ്റ്റന്‍ ഇഷാന്‍ കിഷനില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.

 

Content Highlight: Viabhav Suryavanshi’s brilliant performance in knockouts in 2026