തിയേറ്ററുകളിൽ ചരിത്രവിജയം നേടുകയാണ് നിവിൻ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിക്ക് മുകളിൽ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒർജിനൽസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി.യോടൊപ്പം സിനിമയിൽ പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മീനാക്ഷി രവീന്ദ്രൻ.

‘ഗിരീഷേട്ടന്റെ സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്. അപ്പോൾ ഈ ഒരു സിനിമയും വിജയിക്കുമെന്നുള്ള ഒരു ഉറപ്പ് എനിക്കുണ്ടായിരുന്നു. പിന്നെ നിവിൻ ചേട്ടൻ, മമിത, അവർ ഒക്കെയുണ്ടല്ലോ. ഇപ്പോ മമിതയാണെങ്കിൽ ചെയ്തിട്ടുള്ള മൂന്ന് സിനിമകൾ 200 കോടി നേടി. അപ്പോൾ അങ്ങനെ ഒരു വിശ്വാസമാണ്. ഹിറ്റ് ആകുമെന്ന് ഉറപ്പ് പറയാൻ ഒന്നും അന്ന് നമുക്ക് പറ്റില്ലല്ലോ,’ മീനാക്ഷി പറഞ്ഞു.

മീനാക്ഷി രവീന്ദ്രൻ.നിവിൻ പോളി. Photo. Screen Grab/ Youtube

നിവിൻ പോളിക്കൊപ്പം പ്രവർത്തിക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് അദ്ദേഹത്തിന്റെ ചിരിയാണെന്നും മീനാക്ഷി പറയുന്നു. നിവിന്റെ ചിരിയിലെ നിഷ്കളങ്കതയും സ്വാഭാവികതയുമാണ് തന്നെ ആകർഷിച്ചതെന്നും സുഹൃത്തുക്കളോട് പോലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

‘ഞാൻ ആദ്യം നോട്ടീസ് ചെയ്തത് നിവിൻ ചേട്ടന്റെ ചിരിയാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള, നാച്ചുറലായിട്ടുള്ള ചിരിയാണ്. ചിരിക്കുമ്പോൾ കണ്ണൊക്കെ ഇങ്ങനെ ചെറുതാകും. അങ്ങനെ ചേട്ടന്റെ ആ കാര്യങ്ങളൊക്കെ ഞാൻ നോട്ടീസ് ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ എന്റെ ഫ്രണ്ട്സിനോടൊക്കെ ചിരി കാണാൻ ഭംഗിയുണ്ടെന്നും അടിപൊളിയാണെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്,’ മീനാക്ഷിയുടെ പറഞ്ഞു.

പ്രേമലുവിന് ശേഷമാണ് മമിത ബൈജുവിനൊപ്പം വീണ്ടും ഒരു സിനിമയിൽ പ്രവർത്തിക്കുന്നതെന്നും ബെത്‌ലഹേമിന്റെ സെറ്റിലും മമിത വളരെ ഫ്രീയായാണ് ഇടപെട്ടിരുന്നത്. എല്ലാവരോടും നന്നായി സംസാരിച്ച് ഇടപെടുന്ന സ്വഭാവമാണ് മമിതയുടേത്. സംസാരം കൂടിയാലേ ഉള്ളൂ. വളരെ സ്വീറ്റായിട്ടുള്ള ആളാണ് മമിത,’ മീനാക്ഷി കൂട്ടിച്ചേർത്തു.

ഗിരീഷ് എ.ഡി തന്റെ മുൻ ചിത്രങ്ങളിൽ പ്രവർത്തിച്ചവരെ തുടർന്നുള്ള സിനിമകളിലും പരിഗണിക്കാറുണ്ടെന്ന തോന്നലാണ് തനിക്കുള്ളതെന്നും മീനാക്ഷി പറഞ്ഞു. അതുകൊണ്ടായിരിക്കാം ബെത്‌ലഹേമിലേക്കും തന്നെ വിളിച്ചതെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

മീനാക്ഷി രവീന്ദ്രൻ.നിവിൻ പോളി. Photo. Screen Grab/ Youtube

‘ഗിരീഷേട്ടൻ അദ്ദേഹത്തിന്റെ നേരത്തെ സിനിമകളിൽ അഭിനയിച്ചവരെ അടുത്ത പടങ്ങളിലേക്കും പരിഗണിക്കാറുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയായിരിക്കും എന്നെയും വിളിച്ചത്. പിന്നെ ഞാൻ ഇടയ്ക്ക് അങ്ങോട്ട് മെസ്സേജ് അയക്കും. എന്തെങ്കിലും വീഡിയോസ് അയച്ചുകൊടുത്തോ, എന്തെങ്കിലും പറഞ്ഞോ ഒക്കെ. പിന്നെ എന്തെങ്കിലും പരിപാടിയുണ്ടോ എന്നും ഞാൻ ചോദിക്കാറുണ്ട്,’ മീനാക്ഷി പറഞ്ഞു.

Content Highlight: Actress meenakshi talks about Nivinpauly