മലയാളത്തിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്കും ഭീഷണിയായിക്കൊണ്ട് രാജകീയ തേരോട്ടം നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഓണം റിലീസായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ഓണം അവധിയും പിന്നിട്ട് വന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 110 കോടിയും ആഗോളതലത്തില്‍ 250 കോടിയും നേടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതോടെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2വിന്റെ റെക്കോഡും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ റെക്കോഡും തുലാസിലായിരിക്കുകയാണ്. മലയാളി ഓഡിയന്‍സില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ തെലുങ്കിലേക്കും തമിലേക്കും ചിത്രം ഡബ്ബ് ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഇവിടങ്ങളിലും ഹൗസ് ഫുള്ളായാണ് ചിത്രം മുന്നേറുന്നത്.

ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും തമിഴ് സൂപ്പര്‍താരം കമല്‍ ഹാസനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ രാജ്കമല്‍ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിനൊപ്പമുള്ള ഫോട്ടോകള്‍ ബെത്‌ലഹേം ടീം തന്നെയാണ് പുറത്തുവിട്ടിരുന്നത്.

സമാനമായി സമീപകാലത്ത് വലിയ ഹിറ്റടിച്ച മലയാള ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ അന്യഭാഷയിലെ സൂപ്പര്‍താരങ്ങള്‍ ആതിഥേയത്വം വഹിച്ചിരുന്നു. കമല്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ സന്ദര്‍ശിച്ചതും വാഴ 2 ടീമിനൊപ്പം രാം ചരണ്‍ സമയം ചെലവഴിച്ചതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലിനൊപ്പമുള്ള ബെത്‌ലഹേം ടീമിന്റെ ഫോട്ടോസ് വൈറലായതിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ അരങ്ങേറുന്നത്.

Photo: Facebook.com

ഇത്തരത്തിലുള്ള സന്ദര്‍ശന വേളകള്‍ നടത്തുന്നത് ചിത്രത്തിന്റെ പ്രൊമോഷനാണോ അതോ താരത്തിന്റെ തന്നെ പ്രൊമോഷനാണോ എന്നാണ് പലരും ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഹിറ്റടിക്കുന്ന ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് അവരോട് സംവദിക്കുമ്പോള്‍ താരത്തിന്റെ ഇമേജിനാണ് ബൂസ്റ്റ് ലഭിക്കുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്തും പലരും രംഗത്തെത്തുന്നുണ്ട്. കമല്‍ഹാസനെ പോലെ ഇന്ത്യന്‍ സിനിമയിലെ സീനിയറായ ആര്‍ടിസ്റ്റുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് സംവദിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം വിളിച്ചാല്‍ ഇന്ത്യയിലെ ഏത് സിനിമാപ്രവര്‍ത്തകനും പോകുമെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Kamal Hasan meet with Bethlehem Kudumba Unit team goes viral on social media