ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉര്‍വശി. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി പകര്‍ന്നാടാത്ത വേഷങ്ങളും സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളും ബാക്കിയില്ല. ഓരോ സിനിമ കഴിയുന്തോറും പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്ന ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശയില്‍ ജോജുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കഴിഞ്ഞദിവസം ആശയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ജോജുവിനെക്കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ഉർവശി. Photo. Screen Grab/ Youtube

തന്റെ മുന്‍ ചിത്രമായ ഉള്ളൊഴുക്ക് കണ്ടിട്ട് ജോജു പറഞ്ഞ വാക്കുകളെക്കുറിച്ചാണ് ഉര്‍വശി സംസാരിച്ച് തുടങ്ങിയത്. ഉള്ളൊഴുക്കിന്റെ പ്രീമിയര്‍ കണ്ടതിന് ശേഷം തന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരണമെന്നായിരുന്നു ജോജു പറഞ്ഞതെന്നും അത് കേട്ടപ്പോള്‍ താന്‍ ചെറുതായി ഞെട്ടിയെന്നും ഉര്‍വശി പറഞ്ഞു. ആ വീഡിയോ തന്നെക്കാണിച്ചത് പങ്കാളിയായിരുന്നെന്നും താരം പറയുന്നു.

‘എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരാന്‍ തോന്നുന്നു എന്നായിരുന്നു ജോജു പറഞ്ഞത്. അതിന്റെ വീഡിയോ എന്നെ കാണിച്ചത് എന്റെ ഹസ്ബന്റാണ്. ആദ്യം കേട്ടപ്പോള്‍ അത് എന്താണെന്ന് ഡൈജസ്റ്റാക്കിയെടുക്കാന്‍ സമയമെടുത്തു. എന്നെക്കാളും ഏഴ് വയസ് കുറവാണ് ജോജുവിന്. അതുകൊണ്ട് കുഴപ്പമില്ല എന്ന് ഹസ്ബന്‍ഡ് പറഞ്ഞു. പ്രായക്കൂടുതലായിരുന്നെങ്കില്‍ പറ്റില്ലെന്ന് പറഞ്ഞേനെ. (ചിരിക്കുന്നു)

ഇതുവരെ ആരും അങ്ങനെ ഒരു ഒപ്പീനിയന്‍ പറഞ്ഞതായിട്ട് ഞാന്‍ കേട്ടിട്ടില്ല. അവന്റെയുള്ളിലെ ഇന്നസെന്‍സാണ് ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. അങ്ങനെയുള്ള ജോജുവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്കാഗ്രഹമുണ്ട്. എന്നെ പുകഴ്ത്തിയ അതേ കമല്‍ ഹാസന്‍ ജോജുവിനെക്കുറിച്ചും വാനോളം പ്രശംസിച്ചതൊക്കെ അഭിമാനം നല്‍കിയ കാര്യമാണ്. നല്ലൊരു നടനാണ് ജോജു,’ ഉര്‍വശി പറഞ്ഞു.

ഇന്ന് തിയേറ്ററുകളിലെത്തിയ ആശക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടൈറ്റില്‍ റോളില്‍ ഉര്‍വശിയെത്തുമ്പോള്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാണ് ജോജു പ്രത്യക്ഷപ്പെടുന്നത്. ഇരുവര്‍ക്കും പുറമെ ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഗോവിന്ദ് വസന്തയാണ് ആശയുടെ സംഗീതം.

Content Highlight: Urvashi shares her opinion about Joju George