പൊലീസ് സ്റ്റേഷനും അവിടുത്തെ ഉദ്യോഗസ്ഥരുടെ ജീവിതവും പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ ഒരു പൊലീസ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി നടക്കുന്ന കൊലപാതകവും അതിൽ ഉൾപ്പെടുന്ന നാല് പോലീസുകാരുടെ വ്യക്തിജീവിതവും ഒരുമിച്ച് പറയുകയാണ് സഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ‘അനുരാഗം’, ‘പ്രകാശം പരക്കട്ടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സഹദ് ഒരുക്കുന്ന സിനിമ കൂടിയാണിത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെ മുന്നോട്ടുപോകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രാത്രിയിലെ പട്രോളിങ്ങിനിടെ പിടിയിലാകുന്ന പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. സ്റ്റേഷനിൽ വെച്ച് പ്രതിയും നാല് പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടാകുന്ന സംഘർഷത്തിനിടെ അവിചാരിതമായി പ്രതി കൊല്ലപ്പെടുന്നു. പിന്നീട് ഈ സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നത്. കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാല് പോലീസുകാർ നടത്തുന്ന നീക്കങ്ങളും, മറുവശത്ത് കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി അവരിലേക്ക് എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗം.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Screen Grab/ Youtube

കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന നാല് പേരെയും വെറും പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ മാത്രമല്ല സിനിമ അവതരിപ്പിക്കുന്നത്. അവരുടെ വ്യക്തിജീവിതത്തിലേക്കും ചിത്രം കടന്നുചെല്ലുന്നുണ്ട്. അവരുടെ ജീവിത സാഹചര്യങ്ങളും പിരിമുറുക്കങ്ങളും സിനിമയിൽ പ്രേക്ഷകർക്ക് കണക്ട് ആകുന്ന രീതിയിൽ തന്നെ അവതരിപ്പിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം കുട്ടിയുമായി ജീവിക്കുന്ന അലീന എന്ന കഥാപാത്രമായാണ് പാർവതി തിരുവോത്ത് എത്തുന്നത്.

ഭർത്താവിന്റെ മരണത്തെ തുടർന്നാണ് അലീനയ്ക്ക് പൊലീസിൽ ജോലി ലഭിക്കുന്നത്. മറ്റു പൊലീസ് വേഷങ്ങളിൽ ദിവ്യയായി ഉണ്ണിമായ പ്രസാദും ശ്രീനാഥായി മാത്യു തോമസും ദാസനായി സിദ്ധാർത്ഥ് ഭരതനും എത്തുന്നുണ്ട്. ഇവരുടെ വ്യക്തിജീവിതത്തിലെ സാഹചര്യങ്ങളും അവർ പിന്നീട് നേരിടുന്ന കുറ്റകൃത്യവും തമ്മിൽ ബന്ധിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ആ ശ്രമങ്ങൾ വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കാൻ സംവിധായകനായിട്ടുണ്ട്.

സിനിമയുടെ ആദ്യപകുതി നന്നായി തന്നെ പ്രേക്ഷകനെ സിനിമയിലേക്ക് എത്തിക്കുന്നുണ്ട്. സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളും അതിന് ശേഷമുള്ള കാര്യങ്ങളും പ്രേക്ഷകനിൽ ഒരു ആകാംക്ഷ നിലനിർത്തുന്നുണ്ട്. എന്താണ് സംഭവിച്ചത്, ഈ നാല് പേർ എങ്ങനെയാണ് അതിൽ ഉൾപ്പെട്ടത്, ഇവർ എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടും എന്നീ ചോദ്യങ്ങൾക്കൊപ്പമാണ് സിനിമ മുന്നോട്ടുപോകുന്നത്. എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ഈ പിടിത്തം പൂർണമായി നിലനിർത്താൻ സിനിമയ്ക്ക് സാധ്യമാകുന്നില്ല.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

 

എന്നാൽ അന്വേഷണ ഭാഗങ്ങളിൽ കഥയുടെ ഓരോ ഘട്ടവും പ്രേക്ഷകന് വ്യക്തമായി മനസിലാകുന്ന രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളും കൃത്യമായി അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. . വലിയൊരു ട്വിസ്റ്റിനെ മാത്രം ആശ്രയിക്കാതെ, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ പ്രേക്ഷകനെ മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ചിത്രത്തിന്റേത്.

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം പ്രധാന പോസിറ്റീവുകളിൽ ഒന്നാണ്. ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന പാർവതി തിരുവോത്തും മാത്യു തോമസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അലീനയുടെ വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും മാനസികാവസ്ഥയും പാർവതി വളരെ സ്വാഭാവികമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പിയായി വിജയരാഘവനും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഗൗരവത്തിനൊപ്പം കഥാപാത്രത്തിന്റെ രീതിയും വിജയരാഘവൻ കൃത്യമായി കൊണ്ടുവരുന്നു. സി.എ സാറായി എത്തുന്ന വിനയ് ഫോർട്ടിന്റെ ചില കോമഡി രംഗങ്ങളും സിനിമയുടെ ഗൗരവമുള്ള അന്തരീക്ഷത്തിനിടയിൽ ആശ്വാസം നൽകുന്നുണ്ട്. അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് ഉൾപ്പെടെയുള്ള താരങ്ങളും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

കണ്ണൂർ സ്‌ക്വാഡ് സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രത്യേകിച്ച് പൊലീസ് സ്റ്റേഷനും രാത്രിസന്ദർഭങ്ങളും ഉൾപ്പെടെയുള്ള രംഗങ്ങളിൽ സിനിമയുടെ മൂഡ് നിലനിർത്താൻ ക്യാമറയ്ക്ക് സാധിച്ചിട്ടുണ്ട്. മുജീബ് മജീദിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ പോസിറ്റീവുകളിൽ ഒന്നാണ്.

സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. പി.എസ് സുബ്രമണ്യൻ, വിജേഷ് തോട്ടിങ്ങൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുന്ന പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന രീതിയിലുള്ള കഥ തന്നെയാണ് ചിത്രത്തിന്റേത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb

വ്യത്യസ്തമായൊരു പൊലീസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. കുറ്റകൃത്യത്തിൽ അകപ്പെട്ടുപോകുന്ന നാല് പോലീസുകാരുടെ വ്യക്തിജീവിതവും മാനസിക സംഘർഷങ്ങളും അന്വേഷണത്തിന്റെ ആകാംക്ഷയോടൊപ്പം അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ശക്തമായ പ്രകടനങ്ങളും മികച്ച ആദ്യപകുതിയും സിനിമയുടെ പ്രധാന കരുത്താകുമ്പോൾ, രണ്ടാം പകുതിയിലെ ചെറിയ ലാഗും അന്വേഷണ ഭാഗത്തെ സങ്കീർണതകളും മാത്രമാണ് ചിത്രത്തിന്റെ പോരായ്മകളായി അനുഭവപ്പെടുന്നത്. അതേസമയം, ത്രില്ലർ സ്വഭാവം കൈവിടാതെ പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്ന മികച്ച മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. അടുത്തിടെ മലയാളത്തിൽ എത്തിയ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിലൊന്നു തന്നെയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.

Content Highlight: pradhama drishtya kuttakkar movie review