ചെന്നൈ: ഫലസ്തീന്‍ അനുകൂലമായി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ 14 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഫലസ്തീന്‍ ജനതയ്ക്കും ഗസയിലെ സാഹചര്യങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2025 ഒക്ടോബര്‍ 5ന് വൈകിട്ട് ഒരു സംഘം ആളുകള്‍ ഗൂഡല്ലൂരില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ചെന്നാണ് പൊലീസിന്റെ ആരോപണം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 189(2) വകുപ്പ് പ്രകാരം നിയമവിരുദ്ധ സംഘം ചേരലിനും 126(2) വകുപ്പ് പ്രകാരം തടസം സൃഷ്ടിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പ്രതികള്‍ തങ്ങള്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും അടിസ്ഥാനരഹിതമായാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു.
പ്രതിഷേധത്തിനിടെ ബലം പ്രയോഗിക്കുകയോ അക്രമം നടത്തുകയോ മറ്റുള്ളവരുടെ സ്വത്തോ അവകാശങ്ങളോ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയോ ആരെയും തെറ്റായി തടയുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വാദിച്ചു.
ഫലസ്തീന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തു എന്നത് കൊണ്ടുമാത്രം ഒരു സംഘം ആളുകള്‍ ‘നിയമവിരുദ്ധ സംഘമായി’ മാറില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ രേഖകള്‍ പരിശോധിച്ച കോടതി ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതിനാവശ്യമായ തെളിവുകള്‍ കേസില്‍ കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു.
ക്രിമിനല്‍ ബലപ്രയോഗമോ മറ്റ് കുറ്റകരമായ പ്രവൃത്തികളോ നടന്നതായി തെളിയിക്കുന്ന സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് തുടരുന്നത് പ്രയോജനരഹിതമാണെന്ന് വിലയിരുത്തിയാണ് നടപടികള്‍ റദ്ദാക്കിയത്.
Content Highlights: Raising pro-Palestine slogans is not a crime; Madras High Court quashes case against 14 people.
