ലാ ലിഗയില്‍ പുലര്‍ത്തുന്ന ഡോമിനന്‍സ് യുവേഫ ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നാണ് ബാഴ്‌സലോണ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ഫെയ്‌നൂര്‍ഡിനെതിരെ ഗംഭീര വിജയം നേടിയാണ് കറ്റാലന്‍മാര്‍ ആറാം യൂറോപ്യന്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിന് തുടക്കമിട്ടത്. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

നായകന്‍ റഫീന്യ ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ കരീം അദേയിമി, ലാമിന്‍ യമാല്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളടിച്ചത്.

മത്സരത്തിന്റെ 77ാം മിനിട്ടില്‍ ഫ്രീ കിക്കിലൂടെയായിരുന്നു യമാലിന്റെ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് യമാല്‍ തൊടുത്തുവിട്ട ഷോട്ട് ഫെയ്‌നൂര്‍ഡ് ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ തുളച്ചുകയറുകയായിരുന്നു.

ഈ ഗോളോടെ ഒരു തകര്‍പ്പന്‍ റെക്കോഡും യമാല്‍ സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഡയറക്ട് ഫ്രീ കിക്ക് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാ ലിഗ താരമെന്ന നേട്ടമാണ് യമാല്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 19 വയസും 58 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബാഴ്‌സ വണ്ടര്‍ കിഡിന്റെ നേട്ടം.

റയല്‍ മാഡ്രിഡിന്റെ ആര്‍ദ ഗുലാര്‍ (21 വയസും 49 ദിവസവും), അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കവെ സെര്‍ജിയോ അഗ്യൂറോ (21 വയസും 154 ദിവസവും) എന്നിവരുടെ നേട്ടത്തെ മറികടന്നായിരുന്നു യമാല്‍ ഈ ചരിത്രം തന്റെ പേരിന് നേരെ കുറിച്ചത്.

ലാമിന്‍ യമാല്‍. Photo: FC Barcelona

ഈ മത്സരത്തില്‍ ബാഴ്‌സ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടവും യമാല്‍ സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ റഫീന്യയെ പിന്‍വലിച്ചതോടെയാണ് യമാല്‍ നായകന്റെ റോളിലെത്തിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാണ് യമാലിനെ ഈ നേട്ടം തേടിയെത്തിയതെങ്കിലും യു.സി.എല്ലിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടം യമാലിന്റെ പേരിലല്ല. 18 വയസും 221 ദിവസവും പ്രായമുള്ളപ്പോള്‍ പോര്‍ട്ടോയെ നയിച്ച് റൂബന്‍ നീവ്‌സാണ് ഈ റെക്കോഡിലെത്തിയത്.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 14നാണ് ബാഴ്‌സയുടെ അടുത്ത മത്സരം. റാംസ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും ടര്‍ക്കിഷ് വമ്പന്‍മാരുമായ ഗളറ്റാസരേയാണ് എതിരാളികള്‍.

 

Content highlight: Lamine Yamal becomes the youngest La Liga player to score a direct free-kick goal in the Champions League.