മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി തനതായ ഹാസ്യശൈലിയിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടിയാണ് ഉർവശി. കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആശ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

സഫർ സനലിന്റെ സംവിധാനത്തിൽ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ഉർവശി എന്നിവർ പ്രധാന കഥാപത്രമായാണ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നടി സിൽക്ക് സ്മിതയെക്കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

ഉർവശി. Photo. Screen grab/ Youtube

 

ഷൂട്ടിംഗ് സെറ്റുകളിൽ വന്നാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു സിൽക്ക് സ്മിതയെന്ന് ഉർവശി പറയുന്നു. തനിക്കൊരു സ്വന്തം സഹോദരിയെപ്പോലെയായിരുന്നു സ്മിതയെന്നും ഉർവശി കൂട്ടിച്ചേർത്തു.

‘സ്മിത എനിക്ക് ഒരു മൂത്ത സഹോദരിയെപ്പോലെയായിരുന്നു. സെറ്റിലൊക്കെ വന്നാൽ അങ്ങനെ ആരോടും സംസാരിക്കാറില്ലായിരുന്നു. അതിന്റെ പ്രധാന കാരണം അന്ന് സിനിമയിൽ ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്ന നടിമാരെ ഒരു പ്രത്യേക രീതിയിൽ കാറ്റഗറൈസ് ചെയ്യുമായിരുന്നു. അതിൽ നിന്നും നായകന്മാരും നായികമാരുമൊക്കെ വേറെയായിരിക്കും. ഗ്ലാമറസ് റോളുകൾ ചെയ്യുന്നവരെ നോക്കുന്നത് തന്നെ മറ്റൊരു കണ്ണുകളിലൂടെയായിരിക്കും,’ ഉർവശി പറഞ്ഞു.

താൻ കണ്ടതിൽ വെച്ച് മികച്ച ഡ്രസ്സിംഗ്, മേക്കപ്പ് സെൻസൊക്കെയുള്ള നടി സിൽക്ക് സ്മിതയായിരുന്നുവെന്നും ഉർവശി തുറന്നുപറയുന്നു. ഉർവശിക്ക് വേണ്ടി എന്നെങ്കിലും ഒരു ചിത്രത്തിൽ കോസ്റ്റ്യൂം ഡിസൈൻ ചെയ്യുക എന്നത് സ്മിതയുടെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും താരം ഓർത്തെടുക്കുന്നു.

‘ഞാൻ കണ്ട സിനിമകളിൽ വെച്ച് ഏറ്റവും നല്ല കോസ്റ്റ്യൂം സെൻസുള്ള നടിയാണ് സിൽക്ക് സ്മിത. നല്ല മേക്കപ്പ് സെൻസും കളർ സെൻസുമൊക്കെയായിരുന്നു അവൾക്ക്. അന്നൊക്കെ ഓവർ മേക്കപ്പ് ഉള്ള സമയമാണ്. പ്രത്യേകിച്ചും ഗ്ലാമർ ഡാൻസ് ഒക്കെ ചെയ്യുന്നവർക്ക് കണ്ണിന് മുകളിലൊക്കെ മിനുക്കുപണികൾ അടക്കം മേക്കപ്പിന്റെ കാര്യത്തിൽ എന്തും ചെയ്യാം.

സിൽക്ക് സ്മിത. Photo. X. com

എന്നാൽ സ്മിത എന്ത് കോസ്റ്റ്യൂം ഇട്ടാലും നമുക്ക് വൾഗർ ആയിട്ട് തോന്നില്ല. ഏത് കോസ്റ്റ്യൂമും അതിനാൽ തന്നെ അവൾക്ക് ഇടാൻ സാധിച്ചിരുന്നു. ഉർവശിയെ കാണാൻ എന്ത് രസമാണ്, എന്നെങ്കിലും ഉർവശിക്ക് വേണ്ടി ഒരു കോസ്റ്റ്യൂം എനിക്ക് ഡിസൈൻ ചെയ്തു തരണം എന്ന് സ്മിത പറയുമായിരുന്നു. അവളുടെ അവസാനം വരെ അങ്ങനെ ഒരു ആഗ്രഹം അവൾക്കുണ്ടായിരുന്നു,’ ഉർവശി പറഞ്ഞു.

Content Highlight: Urvashi talks about actress silk Smitha