മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യമാണ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വൺ ടു ടോക്ക്സ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ധ്യാൻ

ധ്യാൻ ശ്രീനിവാസൻ. Photo. Screen Grab/ Youtube
തന്റെ പരാജയങ്ങളെ മുതലെടുത്ത് സിനിമ ചെയ്യാൻ സമീപിച്ച ഒരാളുമായുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. പരാജയപ്പെട്ട നടനെ വെച്ച് ഹിറ്റ് സിനിമയെടുത്താൽ തനിക്ക് കൂടുതൽ അംഗീകാരം ലഭിക്കുമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടലെന്നും താരം പറയുന്നു.
‘സിനിമ എടുക്കാൻ വേണ്ടി പലരുടെയും പുറകെ നടന്ന് മടുത്തു കഴിയുമ്പോൾ ഇവിടെ ഞാൻ ഒരുത്തൻ ഉണ്ടല്ലോ, കുഴപ്പമൊന്നുമില്ല, ഇവനെ വെച്ച് ഒരു നല്ല പടം ചെയ്താൽ അത്ഭുതം എല്ലാവരും അംഗീകരിക്കും എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. കാരണം, പരാജയപ്പെട്ട് പടമൊക്കെ പൊട്ടി ഇരിക്കുന്ന ഒരുത്തനെ വെച്ച് ഒരു നല്ല സിനിമ ചെയ്താൽ അത് ചെയ്ത ആൾക്കും നല്ലൊരു പേര് കിട്ടുമല്ലോ.
അങ്ങനെയൊരു സാധ്യത വെച്ചിട്ട് ഈ അടുത്ത് എന്നോട് ഒരുത്തൻ വന്നിട്ട് പറഞ്ഞു, ചേട്ടനെ വെച്ച് ഞാൻ ഒരു പടം ചെയ്യുന്നുണ്ട്. കാരണം എന്താണെന്ന് വെച്ചാൽ, ചേട്ടൻ ഇപ്പോൾ പൊട്ടിയിരിക്കുകയല്ലേ, അപ്പോൾ ചേട്ടനെ വെച്ച് ഞാൻ ഒരു ഹിറ്റ് പടം ചെയ്താലുള്ള എന്റെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ ഞാൻ ആരായി എന്ന്. പുള്ളി പറഞ്ഞത് കറക്റ്റാണ്, പക്ഷേ അങ്ങനെയുള്ള മിടുക്കന്മാരും വന്നിട്ട് പടം പൊട്ടിച്ചിട്ടു പോകും,’ നടൻ പറഞ്ഞു.
സിനിമ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആലോചിച്ച് തീരുമാനിക്കണമെന്നും, പ്രേക്ഷകർക്ക് മനസിലാകുന്ന സിനിമകളാണ് ചെയ്യേണ്ടതെന്നും സുഹൃത്തുക്കളോടും അടുത്ത ബന്ധുക്കളോടും ഇത് പറയാറുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ പരാജയങ്ങളെ ചൂണ്ടിക്കാട്ടി തന്നെ വിലയിരുത്തുന്നവരോടുള്ള രസകരമായ മറുപടിയും താരം പങ്കുവെച്ചു.

ധ്യാൻ ശ്രീനിവാസൻ. Photo. Screen Grab/ Youtube
‘എനിക്ക് അറിയാവുന്നവരോട് ഞാൻ എപ്പോഴും പറയാറുണ്ട്, നമുക്ക് ഒരവസരമേ ഉള്ളൂ, അതുകൊണ്ട് നന്നായി ആലോചിച്ചിട്ട് ഇത് ചെയ്യണമോ വേണ്ടയോ എന്നൊരു ചോയ്സ് വേണം. വലിയ പടങ്ങൾ എടുക്കുന്ന എന്റെ സുഹൃത്തുക്കളോടും ഞാൻ പറയാറുണ്ട്, മനുഷ്യന് മനസിലാകുന്ന സിനിമയെടുക്ക് എന്ന്.
അത് ഞാൻ എന്റെ അടുത്ത ബന്ധുക്കളോട് വരെ പറഞ്ഞിട്ടുണ്ട്, ഈ സിനിമ ചെയ്യരുത്, വേണ്ട എന്ന്. കാരണം ഇവരുടെയൊക്കെ വിചാരം ഞാൻ കുറെ പൊട്ട സിനിമകൾ ചെയ്തതുകൊണ്ട് പൊട്ടനാണെന്നാണ്. പക്ഷേ അവരൊക്കെ കളഞ്ഞ പൈസ എന്റെ കയ്യിലുണ്ട്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
