ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദല്‍ഹിയിലെത്തിയതിന് പിന്നാലെ ഭാരത് മണ്ഡപത്തിന് സമീപം ചൈന വിരുദ്ധ പ്രതിഷേധം നടന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധിച്ച അഞ്ച് ടിബറ്റന്‍ പൗരന്മാരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.

പ്രഗതി മൈതാനിന് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ചൈനീസ് ഭരണത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.

ചിലര്‍ ഭാരത് മണ്ഡപത്തിന് സമീപത്തെ പോസ്റ്റുകളില്‍ കയറി ഷി ജിന്‍പിങ്ങിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം നടക്കുന്നതിനാല്‍ ഭാരത് മണ്ഡപവും പരിസര പ്രദേശങ്ങളും കനത്ത സുരക്ഷയിലാണ്.

പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ദല്‍ഹിയില്‍ ഏകദേശം 15,000 പൊലീസ് ഉദ്യോഗസ്ഥരെയും 200 അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 500-ലേറെ സി.സി.ടി.വി ക്യാമറകളിലൂടെയും നിരീക്ഷണം ശക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബര്‍ 12,13 തീയതികളിലായാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയ്ക്ക് മുമ്പായി ലോകനേതാക്കളെല്ലാം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

Content Highlights: BRICS: Slogans raised against Xi Jinping; 5 Tibetan nationals detained near Bharat Mandapam.